VIDEO | ഇതാണ് ചന്ദ്രന്‍! 100 കിമീ അകലെനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബ്ലൂ ഗോസ്റ്റ് ലൂണാർ ലാന്‍ഡർ

ഫെബ്രുവരി 13 മുതൽ ബ്ലൂ ​ഗോസ്റ്റ് ചന്ദ്രനെ ചുറ്റിവരികയാണ്
ബ്ലൂ ​ഗോസ്റ്റ് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം
ബ്ലൂ ​ഗോസ്റ്റ് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം
Published on

ചന്ദ്രന്റെ സമീപ ദൃശ്യങ്ങൾ പങ്കുവച്ച് ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ​ഗോസ്റ്റ് ലൂണാർ ലാൻഡർ. 100 കിമീ അകലെ നിന്നുള്ള ചന്ദ്രന്റെ ഉപരിതല ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവയ്ക്കും വഴി ശേഖരിച്ച ഫൂട്ടേജുകളാണിവ. ചന്ദ്രന്റെ ഭൂപ്രകൃതിയുടെ വിശദമായ ദൃശ്യങ്ങളാണിത്. മാർച്ച് രണ്ടിനാണ് ലൂണാർ ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത്.

2025 ജനുവരി 15ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ബ്ലൂ ഗോസ്റ്റ് വിക്ഷേപിച്ചത്. നാസയുടെ കൊമേഷ്യൽ ലൂണാർ പേലോഡ് സർവീസസിന്റെ (സിഎൽപിഎസ്) ഭാ​ഗമാണ് ഈ മിഷൻ. ചാന്ദ്ര പ്രതലത്തിൽ ശാസ്ത്ര പഠനങ്ങള്‍ക്കായി 10 പേലോഡുകൾ എത്തിക്കുകയാണ് മിഷന്റെ ലക്ഷ്യം. ഫെബ്രുവരി 13 മുതൽ ബ്ലൂ ​ഗോസ്റ്റ് ചന്ദ്രനെ ചുറ്റിവരികയാണ്. മാർച്ച് രണ്ടിന് പുലർച്ചെ 3:34ന് മുമ്പ്, മേർ ക്രിസിയം എന്ന ചന്ദ്രനിലെ വലിയ പരന്ന തടത്തിലാകും ബഹിരാകാശ പേടകം ഇറങ്ങുക.

ബ്ലൂ ​ഗോസ്റ്റ് പകർത്തിയ ചിത്രങ്ങൾ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്റെ സാങ്കേതിക വൈദഗ്ധ്യത്തെ എടുത്തുകാണിക്കുന്നു. മാത്രമല്ല, ചന്ദ്രന്റെ ഉപരിതലത്തെപ്പറ്റിയുള്ള പഠനങ്ങൾക്കും ഇത് സഹായകമാകും. ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ കാഴ്ചകൾ ഈ ഫൂട്ടേജിൽ ഉൾപ്പെടുന്നുണ്ട്. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും. ബ്ലൂ ഗോസ്റ്റ് വിജയകരമായി ചാന്ദ്ര ഭ്രമണപഥം ചുറ്റി ലാൻഡിങ് നടത്തിയാൽ അത് ചന്ദ്ര പര്യവേഷണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകും.

സ്‌പേസ് എക്‌സ് ഇന്റുറ്റീവ് മെഷീൻസിന്റെ അഥീന ലാൻഡർ ചന്ദ്രനിലേക്ക് വിക്ഷേപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബ്ലൂ ​ഗോസ്റ്റിൽ നിന്നുള്ള ദൃശ്യങ്ങൾ വരുന്നത്. ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ 2025ലെ മൂന്നാമത്തെ ചാന്ദ്ര ലാൻഡർ ദൗത്യ വിക്ഷേപണമായിരുന്നുവിത്. ബ്ലൂ ഗോസ്റ്റ്, അഥീന എന്നിവയ്ക്ക് പുറമേ, ജാപ്പനീസ് കമ്പനിയായ ഐസ്‌പേസും ഹകുട്ടോ-ആർ2 ദൗത്യവുമായി ചാന്ദ്ര പരിവേഷണത്തില്‍ സജീവമാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com