
ബഹിരാകാശ രംഗത്ത് ചരിത്രമെഴുതി ബ്ലുഒറിജിൻ കമ്പനിയുടെ NS-31 ദൗത്യം വിജയം. അമേരിക്കൻ ഗായിക കാറ്റി പെറിയടക്കം 6 വനിതാ സഞ്ചാരികളുമായി ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. യാത്രികരെല്ലാം വനിതകളാകുന്ന ആദ്യത്തെ ദൗത്യമാണ് NS-31.
ബഹിരാകാശത്ത് പെൺതാരകങ്ങളായി അവർ ആറ് പേർ ചരിത്രം കുറിച്ചു. ന്യു ഷെപ്പേർഡ് റോക്കറ്റ് കർമാൻ ലൈനും കടന്ന് ബഹിരാകാശത്തേക്കെത്തിയപ്പോൾ ലോകം ഹൃദയമിടിപ്പോടെ ഉറ്റുനോക്കി. 10 മിനിറ്റ് ദൈർഘ്യമുള്ള ബഹിരാകാശ സഞ്ചാരം പൂർത്തിയാക്കി പേടകം തിരിച്ചെത്തിയപ്പോൾ പിറന്നത് ചരിത്രം.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്‍റെ പുതിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് നടത്തിയ പതിനൊന്നാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS-31.ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത് ഇതാദ്യം.
ബെസോസിന്റെ പങ്കാളി ലോറൻ സാഞ്ചസ് നേതൃത്വം കൊടുത്ത സംഘത്തില്‍ പോപ് ഗായിക കാറ്റി പെറി, മുൻ നാസ എഞ്ചിനീയർ ഐഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ നുയെൻ, CBS ന്യൂസ് അവതാരക ഗെയ്ൽ കിംഗ്, സിനിമാ പ്രവർത്തക കെറിയാൻ ഫ്ലിൻ എന്നിവരാണാണ് ഉണ്ടായിരുന്നത്. യാത്രികയായ അമാൻഡ വിയറ്റ്നാമിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണ്.
ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലാണ് സംഘം യാത്ര ചെയ്തത്. 10 മിനിറ്റിനിടെ യാത്രികർക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവിക്കാനായി. വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന പദ്ധതി ടെക്സാസിലെ ന്യൂ ഷെപേർഡ് ലോഞ്ച്പാഡിൽ നിന്നാണ് ലോഞ്ച് ചെയ്തത്.