
ആഫ്രിക്കയിലെ മൗറിറ്റാനിയയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 കുടിയേറ്റക്കാർ മരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തതായി ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐഒഎം) പ്രാദേശിക വൃത്തങ്ങളും അറിയിച്ചു. ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ച് പേർ മരണപ്പെട്ടുവെന്നും, 195ലേറെ പേരെ കാണാതായി എന്നും ഐഒഎം എക്സ് കുറിപ്പിലൂടെ അറിയിച്ചു.
103 പേരെ രക്ഷപ്പെടുത്തുകയും, 25ഓളം മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തതായി മൗറിറ്റാനിയൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. പത്ത് പേരെ വൈദ്യസഹായത്തിനായി അടിയന്തിരമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു.
ജൂണിന് ശേഷം 76ഓളം ബോട്ടുകളിലായി മൗറിറ്റാനിയ വഴി കടക്കാൻ ശ്രമിച്ചിട്ടുള്ള കുടിയേറ്റക്കാരിൽ 6000ത്തോളം പേർ രക്ഷപ്പെട്ടതായും, 190ഓളം പേർ മരണപ്പെട്ടതായും, നിരവധി പേരെ കാണാതായതായും ഐഒഎം അറിയിച്ചു. എല്ലാ വർഷവും, ദാരിദ്ര്യത്തിൽ നിന്നും, തൊഴിലില്ലായ്മയിൽ നിന്നും പലായനം ചെയ്യുന്ന ആയിരക്കണക്കിന് ആഫ്രിക്കക്കാർ മെച്ചപ്പെട്ട ഭാവി തേടി യൂറോപ്പിലേക്ക് ഈ അപകടകരമായ പാതയിലൂടെ പ്രവേശിക്കാറുണ്ട്. എന്നാൽ ഈ ക്രോസിംഗ് ഏറെ ദുരിതം നിറഞ്ഞതാണ്.