ഓസീസ് മണ്ണിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിക്കാരൻ വിടവാങ്ങി

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 1966 ഫെബ്രുവരി 11ന് ഇംഗ്ലണ്ടിനെിരെ നേടിയ 307 റൺസാണ് ബോബ് കൗപ്പറിന് ഓസീസ് ക്രിക്കറ്റ് ചരിത്രത്തിൽ നിർണായക സ്ഥാനം സമ്മാനിച്ചത്.
ഓസീസ് മണ്ണിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിക്കാരൻ വിടവാങ്ങി
Published on
Updated on


ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ മണ്ണിൽ വെച്ച് ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഓസീസുകാരനായ ബോബ് കൗപ്പർ (84) അന്തരിച്ചു. വർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആരെയും കൂസാത്ത ഭാവവും മികവുറ്റ ഇടങ്കയ്യൻ സ്ട്രോക്ക് പ്ലേയുമായി തിളങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റിൻ്റെ എണ്ണം പറഞ്ഞ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായിരുന്നു ബോബ് കൗപ്പർ.



മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 1966 ഫെബ്രുവരി 11ന് ഇംഗ്ലണ്ടിനെിരെ നേടിയ 307 റൺസാണ് ബോബ് കൗപ്പറിന് ഓസീസ് ക്രിക്കറ്റ് ചരിത്രത്തിൽ നിർണായക സ്ഥാനം സമ്മാനിച്ചത്. 12 മണിക്കൂർ നീണ്ടുനിന്ന ഇന്നിങ്സിനിടെ 589 പന്തുകൾ നേരിട്ടാണ് ബോബ് കൗപ്പർ 307 റൺസ് വാരിയത്.



ഇരുപതാം നൂറ്റാണ്ടിൽ ഓസ്ട്രേലിയയിൽ പിറന്ന ഒരേയൊരു ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറിയായിരുന്നു ഇത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ ട്രിപ്പിൾ സെഞ്ച്വറി കൂടിയായിരുന്നു ഇത്. അഡ്‌ലെയ്ഡിൽ നടന്ന തൊട്ടു മുൻപത്തെ ടെസ്റ്റിൽ സൈഡ് ബെഞ്ചിലായിരുന്നു അദ്ദേഹത്തിൻ്റെ സ്ഥാനം. കൗപ്പറിൻ്റെ കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് മെൽബണിൽ പിറന്നത്. ആദ്യത്തെ രണ്ട് സെഞ്ച്വറികളും കരീബിയൻ മണ്ണിലായിരുന്നു പിറന്നത്.



ഓസ്ട്രേലിയയെ ആഷസ് ടെസ്റ്റ് പരമ്പര തിരികെ പിടിക്കാനും ഈ ഇന്നിങ്സ് സഹായിച്ചു. 1964 മുതൽ 1968 വരെ 27 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കൗപ്പർ 46.84 ശരാശരിയിൽ 2,061 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്. കൂടാതെ പാർട്ട് ടൈം ഓഫ് സ്പിന്നറായെത്തി 36 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 28ാം വയസിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വിക്ടോറിയയ്ക്ക് വേണ്ടി 66 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് കൗപ്പർ 53.00 ശരാശരിയിൽ 4,611 റൺസ് നേടിയിട്ടുണ്ട്. അതിൽ 10 സെഞ്ച്വറികളും ഉൾപ്പെടുന്നു.

പിന്നീട് ഐസിസി മാച്ച് റഫറിയായി കളിയിലേക്ക് തിരിച്ചുവന്നു. 2023ൽ ക്രിക്കറ്റിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി 'മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ' പുരസ്കാരവും തേടിയെത്തി. ഭാര്യ ഡെയ്‌ൽ, പെൺമക്കളായ ഒലിവിയ, സെറ എന്നിവർക്കൊപ്പമായിരുന്നു താമസം.



അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേ വരെ പിറന്നത് 31 ട്രിപ്പിൾ സെഞ്ച്വറികളാണ്. ഇതിൽ എട്ട് ട്രിപ്പിൾ സെഞ്ച്വറികളും നേടിയത് ഓസ്ട്രേലിയൻ കളിക്കാരാണ്. വെസ്റ്റ് ഇൻഡീസ് താരങ്ങൾ ആറും, ഇംഗ്ലണ്ട്-വെയ്‌ൽസ് താരങ്ങൾ ചേർന്ന് അഞ്ചും ട്രിപ്പിൾ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. വീരേന്ദർ സെവാഗും കരുൺ നായരും ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com