
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജയിൽ മോചിതനാകാൻ സാധ്യതയില്ല. ബോബി ജാമ്യ ബോണ്ട് ഒപ്പിടാത്തതിനാൽ കോടതി ഉത്തരവ് ഇതുവരെ ജയിലിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചതായാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അവർക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താൻ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങിയത്. ഭാവിയിൽ മോശം പ്രയോഗങ്ങൾ ഉണ്ടാവില്ലെന്ന ഹർജിക്കാരന്‍റെ അഭിഭാഷകർ അഡ്വ. ബി. രാമൻപിള്ളയുടെ ഉറപ്പ് രേഖപെടുത്തിയാണ് ബോബിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞിക്യഷ്ണൻ ജാമ്യം നൽകിയത്.
പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂരിനെതിരെ നിലവിലെ കുറ്റം ചുമത്താൻ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ നടത്തിയ വാക് പ്രയോഗത്തിൽ ദ്വയാർഥമുണ്ട്. നടിയായോ ഗായികയായോ സംഗീതജ്ഞയായോ കായിക, പ്രഫഷണൽ മേഖലകളിലോ പരാതിക്കാരി പ്രശസ്തയല്ല എന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഹർജിക്കാരൻ മറ്റുള്ളരുടെ വക്കാലത്തെടുത്ത് സംസാരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ബോഡി ഷെയിമിങ് സമൂഹം അംഗീകരിക്കുന്നില്ല. മറ്റൊരാളെ കുറിച്ച് കറുത്തതാണ്, വെളുത്തതാണ്, പൊക്കം കൂടുതലാണ്, കുറവാണ്, മെലിഞ്ഞാണ്, തടിച്ചാണ് തുടങ്ങിയ പ്രയോഗങ്ങൾ നടത്തുന്നത് ഒഴിവാക്കണം. ആരും പൂർണരല്ലെന്ന ബോധമാണുണ്ടാവേണ്ടത്. നമ്മുടെയെല്ലാം ശരീരത്തിനും, മനസിനും ഹൃദയത്തിനും മാറ്റം വരും. അതിനാൽ, ആണായാലും പെണ്ണായാലും മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും കോടതി വ്യക്തമാക്കി.
50000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള രണ്ട് പേരുടെയും ജാമ്യ ബോണ്ട് കെട്ടിവെയ്ക്കണമെന്നതടക്കമുള്ള ഉപാധികൾ വെച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യേസ്ഥൻ മുമ്പാകെ ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളേയും മറ്റും ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്, കേസിനെ ബാധിക്കുന്ന നടപടികളൊന്നും പാടില്ല, സമാനമായ കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. വ്യവസ്ഥകൾ ലംഘിച്ചാൽ, ആവശ്യമെങ്കിൽ നിയമപരമായി ജാമ്യം റദ്ദാക്കാമെന്നും. പ്രോസിക്യൂഷനും പരാതിക്കാരിക്കും ഇതിന് നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.