എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി; ഫ്ലൈറ്റ് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു

മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യാ വിമാനത്തിനാണ് ഭീഷണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on


എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 119 വിമാനത്തിനാണ് ഭീഷണിയുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയായിരുന്നു ഭീഷണി സന്ദേശം. പിന്നാലെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി.

ഇന്ന് പുലർച്ചെയോടെയാണ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. നിലവിൽ വിമാനം ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്റ്റാൻഡേർഡ് സേഫ്റ്റി പ്രോട്ടോക്കോൾ പരിശോധനയിലാണെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.

പുലർച്ചെ രണ്ട് മണിക്കാണ് ന്യൂയോർക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നത്. അൽപസമയത്തിനകം തന്നെ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ഫ്ലൈറ്റ് റഡാർ 24ൽ രേഖപ്പെടുത്തിയിരുന്നു.

"പ്രത്യേക സുരക്ഷാ മുന്നറിയിപ്പും സർക്കാരിൻ്റെ സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശവും ലഭിച്ച സാഹചര്യത്തിൽ മുംബൈയിൽ നിന്ന് ജെഎഫ്‌കെയിലേക്കുള്ള എഐ 119 വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും ഇപ്പോൾ ഡൽഹി എയർപോർട്ട് ടെർമിനലിലാണ്. ഈ അപ്രതീക്ഷിത തടസ്സം മൂലം അതിഥികൾക്കുണ്ടാകുന്ന അസൗകര്യം പരമാവധി കുറയ്ക്കാൻ ഗ്രൗണ്ടിലുള്ള എയർ ഇന്ത്യ സഹപ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്," എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.


കഴിഞ്ഞ മാസം മുംബൈയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്ന് ടിഷ്യൂ പേപ്പറിൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com