
തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പോലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ സ്‌കൂളുകൾ തുറന്നതിന് ശേഷമാണ് ഇ മെയിൽ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും സ്‌കൂൾ പരിസരം ഒഴിപ്പിക്കുകയും ചെയ്തു.
ട്രിച്ചി ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗും സ്‌കൂളിലെത്തി തിരച്ചിൽ നടത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചയുടനെ പൊലീസ് സ്‌കൂളിലെത്തിയിരുന്നു. തുടർന്ന് ബോംബ് ഡിറ്റക്ഷൻ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതൊരു വ്യാജ മെയിലാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
ALSO READ: എയർ ഇന്ത്യ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി
അതേസമയം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിരവധി റെയിൽവേ സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് രാജസ്ഥാനിലെ ഹനുമാൻഗഢിലെ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് ട്രിച്ചിയിലെ പുതിയ സംഭവം.
കഴിഞ്ഞദിവസമാണ് സ്റ്റേഷൻ സൂപ്രണ്ടിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല. റെയിൽവേ പൊലീസ് സേനയും സ്റ്റേഷൻ പരിസരത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.