
ഇന്ത്യയിലുടനീളമുള്ള നിരവധി വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് ഭീഷണി.
നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ, ആകാശ് എന്നീ വിമാന കമ്പനികളുടെ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ, വിമാനങ്ങൾ സുരക്ഷിതമെന്ന് സിഐഎഎൽ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായി. രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇൻ്റിഗോ വിമാനത്തിനുമാണ് ഭീഷണി. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നീ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇൻ്റിഗോ- 6E87 വിമാനത്തിനുമാണ് ഭീഷണി. രാവിലെ പത്ത് മണിയോടെ പറന്നുയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി.
അതേസമയം, വ്യാജ ബോബ് ഭീഷണി വിമാന സർവ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഏഴ് വിമാനങ്ങൾക്കാണ് ഇന്ന് ബോംബ് ഭീഷണി നേരിടേണ്ടി വന്നത്.