
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണാഭമായി ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹമഠം. ആചാരവും അനുഷ്ഠാനവും, ഐതീഹ്യവും വിശ്വാസവും ഇഴപിരിയുന്ന അന്തരീക്ഷത്തില്‍ വിപുലമായ ചടങ്ങുകളാണ് നവരാത്രിയോട് അനുബന്ധിച്ചു ഇവിടെ നടക്കുന്നത്.
കോഴിക്കോട് തളിയില്‍ വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബൊമ്മ എന്നാല്‍ പാവയെന്നും കൊലുവെന്നാല്‍ പടവുകള്‍ എന്നുമാണ് അര്‍ത്ഥം. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റ സംഖ്യയിലാണ് പടികള്‍ നിര്‍മിക്കുന്നത്.
പടികള്‍ക്കു മുകളില്‍ തുണി വിരിച്ചശേഷം കളിമണ്ണില്‍ തീര്‍ത്ത ദേവീ ദേവന്‍മാരുടെ ബൊമ്മകള്‍ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് പടികളില്‍ നിരത്തിവയ്ക്കുന്നു. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമം ഉണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം.
പുരാണത്തിലെ കഥാപാത്രങ്ങളായ സരസ്വതീ ദേവി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും ഇത് കൂടാതെ നിത്യജീവിതവുമായി ബന്ധമുളള്ള മറ്റ് രൂപങ്ങളും ഒരുക്കും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗയ്ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്.