
ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ 'കോള്‍ഡ്പ്ലേ'യുടെ സംഗീത പരിപാടിയുടെ ടിക്കറ്റുകള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് പരാതി. ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ സിഇഒയും സഹസ്ഥാപകനുമായ ആശിഷ് ഹേംരാജനിയെ മുംബൈ പൊലീസ് വിളിച്ചുവരുത്തിയതായി അധികൃതർ അറിയിച്ചു. ബുക്ക് മൈ ഷോ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൗകര്യം ഒരുക്കുന്നുവെന്ന അഭിഭാഷകന്‍റെ പരാതിയിലാണ് മുംബൈ പൊലീസ് ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന്‍റെ (ഇഒഡബ്ലൂ) നടപടി.
2025 ജനുവരി 19 മുതല്‍ 21 വരെ നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കോള്‍ഡ്പ്ലേയുടെ സംഗീത പരിപാടി നടക്കുക. ആശിഷ് ഹേംരാജനിയുടെയും ബുക്ക് മൈ ഷോയുടെ ടെക്നിക്കല്‍ ഹെഡിന്‍റെയും മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
2500 രൂപയുള്ള കോള്‍ഡ്പ്ലേ ടിക്കറ്റിന് കരിഞ്ചന്തയില്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നതെന്നാണ് അഭിഭാഷകനായ അമിത് വ്യാസിന്‍റെ ആരോപണം. ഈ വിലയ്ക്ക് ടിക്കറ്റ് വാങ്ങുന്നത് സമൂഹ മാധ്യങ്ങളിലെ ഇന്‍ഫ്ലുവന്‍സേഴ്സാണെന്നും അമിത് പരാതിയില്‍ പറയുന്നു.
ബുക്ക് മൈ ഷോ പൊതുജനങ്ങളെയും കോൾഡ്‌പ്ലേ ആരാധകരെയും കബളിപ്പിച്ചുവെന്നും വഞ്ചനാക്കുറ്റത്തിന് കമ്പനിക്കെതിരെ കേസെടുക്കണമെന്നും അമിത് ആവശ്യപ്പെടുന്നു. ഇഒഡബ്ലൂ ഇതിനോടകം തന്നെ അമിത് വ്യാസിൻ്റെ മൊഴി രേഖപ്പെടുത്തുകയും, ടിക്കറ്റ് മറിച്ചുവില്‍ക്കുന്നതില്‍ ഉൾപ്പെട്ട നിരവധി ബ്രോക്കർമാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.