
ബുക്ക് ചെയ്ത ഓയോ ഹോട്ടൽ മുറികൾ നൽകാത്ത സംഭവത്തിൽ 1.10 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ബുക്കിംഗ് സ്ഥാപനത്തിൽ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും അത് നൽകാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി നിർദേശം നല്‍കി. കൊച്ചിയിലെ അഭിഭാഷകനായ കെ.എസ്. അരുൺ ദാസ്, ഓയോ റൂംസ് എന്ന ഓൺലൈൻ സ്ഥാപനത്തിനും കൊല്ലത്തെ മംഗലത്ത് ഹോട്ടലിനും എതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.