
ഇന്ത്യക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് കംഗാരുപ്പട. ടീമിൽ ചില നിർണായക മാറ്റങ്ങളോടെയാണ് പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് മെല്‍ബണിലാണ് ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.
ആദ്യ മൂന്ന് ടെസ്റ്റുകളിലും ഓപ്പണറായെത്തി നിരാശപ്പെടുത്തിയ നഥാന്‍ മക്സ്വീനിയെ ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച മക്സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ വാം അപ് മാച്ചിൽ സെഞ്ചുറിയുമായി തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റാസാണ് മക്സ്വീനിക്ക് പകരം ടീമിലെത്തിയത്.
പരുക്കേറ്റ പേസര്‍ ജോഷ് ഹേസില്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല. ബ്രിസ്ബേന്‍ ടെസ്റ്റിനിടെ പരുക്കേറ്റ പേസര്‍ ജോഷ് ഹേസില്‍വുഡ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലില്ല. പെർത്തിൽ ടെസ്റ്റിനിടെ പരുക്കേറ്റ താരം അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്നും പിൻമാറിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും പരാജയമായിരുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവർ ടീമില്‍ തുടരും.
ALSO READ: "അശ്വിനെ ഒതുക്കാൻ ശ്രമിച്ചു, ചില സംസ്ഥാനങ്ങളിലെ കളിക്കാർക്ക് കൂടുതലവസരം"; വിമർശിച്ച് മുൻ ഇന്ത്യൻ താരം
പകരം മെല്‍ബണിലും സിഡ്നിയിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്സണെ കംഗാരുപ്പട ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഹേസില്‍വുഡിന്‍റെ അഭാവത്തില്‍ അവസാന രണ്ട് ടെസ്റ്റിലും പേസര്‍ സ്കോട്ട് ബോളണ്ട് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡലെയ്‌ഡിൽ ഹേസൽവുഡിന് പകരമിറങ്ങിയിരുന്ന ബോളണ്ട് അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു.
ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.