
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ മയക്കുവെടി വെച്ചു. ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വെച്ചത്. മൂന്ന് ആനകൾക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാനയെ, കൂട്ടത്തിൽ നിന്ന് മാറ്റിയായിരുന്നു വെടിവെച്ചത്. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു.ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ ചികിത്സിക്കും.
ഇന്ന് രാവിലെയാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്. വെറ്റിലപ്പാറ പുഴയുടെ തീരത്ത്, മറ്റ് മൂന്ന് ആനകൾക്കൊപ്പമായിരുന്നു പരിക്കേറ്റ ആന. ആനയെ മയക്കാനായി നാല് റൗണ്ട് വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു.
ഇല്ലിക്കാടിന് സമീപമെത്തിയപ്പോഴാണ് ആന മയങ്ങിയത്. കുങ്കിയാനയുടെ പുറത്തിരുന്ന് ചികിത്സ നടത്താനായിരുന്ന ആദ്യ തീരുമാനം. പിന്നീട് വാഹനത്തിന്റെ പുറത്തിരുന്ന് ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണ് മുറിവിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എന്നാൽ മുറിവ് ഉണങ്ങാൻ സമയമെടുക്കുമെന്നും വിദഗ്‌ധ സംഘം പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി മുറവേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞദിവസമാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്.
50 അംഗ ദൗത്യ സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ശക്തമായതോടെയാണ് മയക്ക് വെടി വെച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.