
ബ്രസീലില്‍ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിന് വിലക്ക്. കമ്പനിക്കെതിരായ കേസില്‍ സമയ പരിധിക്കുള്ളില്‍ നിയമ പ്രതിനിധിയെ നാമനിർദേശം ചെയ്യാന്‍ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ബ്രസീല്‍ സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറെസാണ് വിലക്കിന് ഉത്തരവിട്ടത്.
ബ്രസീലിലെ എക്സിന്‍റെ പ്രവർത്തനങ്ങള്‍ സമഗ്രവും സമ്പൂർണവും സത്വരവുമായി റദ്ദാക്കിയതായാണ് മോറെസിന്‍റെ ഉത്തരവ്. 24 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കാന്‍ എല്ലാവിധ നടപടികളും കൈക്കൊള്ളാന്‍ ദേശീയ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്ക് ജസ്റ്റിസ് നിർദേശവും നല്‍കി. എക്സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് സാങ്കേതികപരമായ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിള്‍, ആപ്പിള്‍, ഇന്‍റർനെറ്റ് സേവനദാതാക്കള്‍ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലോണ്‍ മസ്കും അലക്സാണ്ടർ മോറെസും തമ്മില്‍ മാസങ്ങളായി കോടതിക്കുള്ളിലും പുറത്തും വാദപ്രതിവാദങ്ങള്‍ നടന്നു വരികയാണ്. വ്യാജമായ വിവരങ്ങള്‍ ഇന്‍റർനെറ്റില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മോറെസ് നിരവധി എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അക്കൗണ്ടുകള്‍ റീ ആക്ടിവേറ്റ് ചെയ്യുമെന്ന വെല്ലുവിളിയുമായി എക്സ് ഉടമ ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇതാണ് പിന്നിട് നിയമ പോരാട്ടത്തില്‍ ചെന്നെത്തിയത്. കമ്പനിക്ക് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാന്‍ 24 മണിക്കൂർ സമയമാണ് ബുധനാഴ്ച സുപ്രീം കോടതി നല്‍കിയിരുന്നത്. ബ്രസീലിലെ സെന്‍സർഷിപ്പ് നിയമങ്ങള്‍ എക്സ് പാലിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ജസ്റ്റിസ് മോറെസിന്‍റെ രാഷ്ട്രീയ എതിരാളികളെ സമൂഹ മാധ്യമത്തില്‍ സെന്‍സർ ചെയ്യാത്തതിനാണ് നടപടി എന്നായിരുന്നു മസ്കിന്‍റെ ആരോപണം.
വിധി വന്നതിനു ശേഷം മസ്ക് മോറെസിനെ രൂക്ഷമായി വിമർശിച്ചു. ഹീനനായ ഏകാധിപധി എന്നാണ് ജസ്റ്റിസിനെ മസ്ക് വിശേഷിപ്പിച്ചത്. ബ്രസീലിലെ ജനാധിപത്യം തകർക്കാനുള്ള ശ്രമമാണിതെന്നും മസ്ക് ആരോപിച്ചു.
കഴിഞ്ഞ ദിവസം എക്സ് ഔദ്യോഗിക പേജിലൂടെ വിലക്കിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. നിയമ പ്രതിനിധിയെ നിർദേശിക്കാനുള്ള സമയ പരിധി അവസാനിച്ചുവെന്നും ഏത് നിമിഷവും വിലക്കിലുള്ള ഉത്തരവ് വന്നേക്കാമെന്നുമായിരുന്നു എക്സിന്‍റെ പോസ്റ്റ്. ഈ മാസം ആദ്യം എക്സിന്‍റെ ബ്രസീലിലെ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സെന്‍സെർഷിപ്പ് പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റ് ഭീഷണികള്‍ ഉയർന്നതിനാലാണ് ഓഫീസ് അടച്ചതെന്നായിരുന്നു എക്സ് പ്രതിനിധിയുടെ പ്രതികരണം. മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്‍റെ ബാങ്ക് അക്കൗണ്ടുകളും സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണ്. 2022 ല്‍, അന്നത്തെ ബ്രസീല്‍ പ്രസിഡന്‍റായിരുന്ന ബോല്‍സനാരോയാണ് സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തനാനുമതി നല്‍കിയത്. സമാനമായ രീതിയില്‍ തല്‍ക്കാലിക വിലക്ക് ടെലഗ്രാമിനും വാട്‌സ്ആപ്പിനും ബ്രസീലില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.