ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിച്ച് നാലുവരി പാത; ആയിരക്കണക്കിന് ഏക്കറുകളിലെ മരങ്ങൾ മുറിച്ചുമാറ്റിയത് കാലാവസ്ഥാ ഉച്ചകോടിക്കായി

കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യത്തിന് തന്നെ വിരുദ്ധമാണ് വനനശീകരണം എന്ന് വാദമുയ‍ർത്തി നിരവധിയാളുകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്
ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിച്ച് നാലുവരി പാത; ആയിരക്കണക്കിന് ഏക്കറുകളിലെ മരങ്ങൾ മുറിച്ചുമാറ്റിയത് കാലാവസ്ഥാ ഉച്ചകോടിക്കായി
Published on

കാലാവസ്ഥ ഉച്ചകോടിക്കായി ആമസോൺ വനഭൂമിയിലെ ആയിരക്കണക്കിന് ഏക്കറുകളിലെ മരങ്ങൾ മുറിച്ചുമാറ്റി. ബ്രസീലിലെ ബെലേം നഗരത്തിലെ സമ്മേളന വേദിയിലേക്ക് എത്താനായി നി‍‍ർമിക്കുന്ന നാലുവരി പാതയ്ക്കായാണ് സംരക്ഷിത മഴക്കാടുകൾ നശിപ്പിച്ചത്. ഈ വർഷം നവംബർ 10 മുതൽ 21 വരെയാണ് 30ാമത് ആ​ഗോള കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

ലോകരാജ്യങ്ങളുടെ നേതാക്കളടക്കം 50000ലധികം ആളുകൾ എത്തുന്ന ഉച്ചകോടി നടക്കുന്ന ബെലേം ന​ഗരത്തിലേക്കുള്ള സഞ്ചാരം എളുപ്പമാക്കാനാണ് ആമസോൺ വനത്തിലൂടെ നാലുവരിപ്പാത നിർമിക്കുന്നത്. ആ​ഗോള കാർബൺ ആ​ഗിരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും വലിയ പങ്കുവഹിക്കുന്ന മഹാവനമേഖലയാണ് ആമസോൺ. കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യത്തിന് തന്നെ വിരുദ്ധമാണ് വനനശീകരണം എന്ന് വാദമുയ‍ർത്തി നിരവധിയാളുകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഭാ​ഗികമായി നിർമിക്കപ്പെട്ട പാതയുടെ ഇരുവശങ്ങളിലും തഴച്ചുമുറ്റിയ മഴക്കാടുകൾ കാണാം. ഒരിക്കൽ നിലകൊണ്ടിരുന്ന മരങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് വെട്ടിത്തെളിച്ച ഭൂമിയിൽ മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ തടികൾ അട്ടിയായി ഇട്ടിട്ടുണ്ട്. 13 കിലോമീറ്റ‍ർ ദൂരത്തിലാണ് മരങ്ങൾ മുറിച്ച് സ്ഥലം തെളിച്ചെടുത്തിരിക്കുന്നത്. നീർത്തടങ്ങളെ നികത്തി വഴിനിർമാണം മുന്നോട്ടു പോവുകയാണ്.

മരങ്ങൾ മുറിക്കുന്നതിന് മുൻപ് അസായി ബെറികൾ പെറുക്കി വിറ്റ് ജീവിച്ചിരുന്നവർ‌ക്ക് ഇന്ന് ജീവിതമാർ​ഗം നഷ്ടമായിരിക്കുന്നു. തങ്ങളുടെ വിളവ് പൂർണമായി മുറിച്ച് മാറ്റപ്പെട്ടെന്ന് അവർ വിലപിക്കുന്നു. വന്യജീവി ആവാസവ്യവസ്ഥയ്ക്കും വലിയ പരിക്കാണ് ഉണ്ടായിരിക്കുന്നത്. നിരവധി ജീവികളെയാണ് പുനരധിവസിപ്പിക്കേണ്ടി വന്നത്.

അബെനീദ ലിബെ‍ർദാദെ എന്ന പേരിലുള്ള ഈ റോഡിന്റെ നിർമാണം പരാ സംസ്ഥാന സർക്കാരാണ് നി‍ർവഹിക്കുന്നത്. 2012ൽ മുന്നോട്ട് വെക്കപ്പെട്ട പദ്ധതി പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് മൂലമാണ് നിർത്തിവെച്ചത്. ഇപ്പോൾ ആ​ഗോള കാലാവസ്ഥ ഉച്ചകോടിയുടെ വേദി നിർമാണം എന്ന അവസരമാണ് പതിനായിരക്കണക്കിന് ഏക്ക‌ർ വനം നശിപ്പിച്ച് റോഡ് നിർമാണത്തിന് ഭരണകൂടത്തിന് ഊ‍ർജം പകർന്നത്.

ബെലേമിൽ നടക്കുന്നത് ആമസോണിനെക്കുറിച്ചുള്ള ഉച്ചകോടിയല്ല, ആമസോണിലെ ഉച്ചകോടിയാണെന്നാണ് പ്രഡിഡന്റ് ലുല ഡ സിൽവി വിമ‍ർശനങ്ങളോട് പ്രതികരിച്ചത്. ആമസോൺ സംരക്ഷിക്കാൻ തങ്ങൾ എന്തു ചെയ്തുവെന്ന് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാനുള്ള അവസരമാകും കാലാവസ്ഥ ഉച്ചകോടിയെന്നും പ്രസിഡ‍ന്റ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com