
പാലക്കാട് അട്ടപ്പാടിയിലെ സ്കൂളുകളിൽ ആദിവാസി വിദ്യാർഥികൾക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ പ്രഭാത ഭക്ഷണ പദ്ധതി മുടങ്ങി. അധ്യയന വർഷം ആരംഭിച്ച് അഞ്ച് മാസമായിട്ടും പല സ്കൂളുകളിലും ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങാനായിട്ടില്ല.
ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ വിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫണ്ട് വൈകുന്നതിനാൽ ചില സ്കൂളുകളിൽ പി.ടി.എ മുൻകൂർ പണം ചിലവഴിച്ച് പ്രഭാത ഭക്ഷണം നൽകി. എന്നാൽ പിടിഎക്ക് നേരിട്ട് പണം നൽകാനാവില്ലെന്ന് അധികൃതർ നിലപാടെടുത്തു. ഇതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. പദ്ധതി പുനരാരംഭിക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു.
ALSO READ: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; രോഗം വിദേശത്തു നിന്നെത്തിയ 75 കാരന്
പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായുള്ള പദ്ധതിയാണിത്. ജില്ലയിലെ എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. അട്ടപ്പാടിയിൽ 26 സ്കൂളുകൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ വിദൂര ഊരുകളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതി മുടങ്ങിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അഗളി ബിആർസിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.