
കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരാൻ എൽഡിഎഫ്. നഗരസഭ ചെയർമാൻ്റെ രാജി സിപിഎം ആവശ്യപ്പെട്ടെങ്കിലും സനീഷ് തള്ളിയിരുന്നു. യുഡിഎഫിന്റേയും, ബിജെപിയുടേയും പിന്തുണ തേടിക്കൊണ്ടാണ് എൽഡിഎഫിന്റെ ഇപ്പോഴത്തെ നീക്കം.
സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിൽ, രണ്ടാം പ്രതിയായതിന് സനീഷ് ജോർജിനോട് സിപിഎം ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല. രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. 35 അംഗ കൗൺസിലിൽ ചെയർമാനെ കൂടാതെ എൽ.ഡി.എഫിന് പതിമൂന്നും യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി എൽഡിഎഫ് തേടിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയും അവിശ്വാസത്തെ പിന്തുണക്കുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിക്കൊണ്ടാണ് എൽഡിഎഫിന്റെ നീക്കം.
കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതോടെ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. നഗരസഭാ ഭരണം പിടിച്ചെടുക്കാനുള്ള മുന്നണികളുടെ അണിയറ നീക്കങ്ങളും സജീവമാണ്.