
ഗുസ്തിതാരം വിനേഷ് ഫോഗട്ടിൻ്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസായിരുന്നു. പ്രതിഷേധങ്ങൾ പെണ്‍മക്കള്‍ക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. പിന്നാലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫോഗട്ടിനെ പ്രഖ്യാപിക്കുകയും ചെയ്തു. ബജ്‌റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായും നിയമിച്ചു. ഇതിന് പിന്നാലെയാണ് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ പ്രതികരണവുമായി രംഗത്ത് എത്തിയത്.
തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പെണ്‍മക്കള്‍ക്ക് വേണ്ടി ആയിരുന്നില്ല അന്ന് നടന്ന പ്രതിഷേധങ്ങളെന്നും രാഷ്ട്രീയ ലക്ഷ്യമായിരുന്നു അതിന് പിറകിലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ തന്നെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് താൻ ചൂണ്ടികാട്ടിയിരുന്നതായും ബ്രിജ് ഭൂഷൺ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ആർക്കും പരാജയപ്പെടുത്താമെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ പാർട്ടി ആവശ്യപ്പെട്ടാൽ ഹരിയാനയിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി