
ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ മധുരം കഴിക്കുക എന്ന് പറയുമ്പോൾ ചോക്ലേറ്റിനെയാണ് പലപ്പോഴും ആശ്രയിക്കുക. ഇഷ്ടമുള്ളപ്പോൾ കഴിക്കാൻ മാത്രമല്ല പ്രിയപ്പെട്ടവർക്ക് സമ്മാനമായി ചോക്ലേറ്റുകൾ സമ്മാനിക്കുന്നതും ഇപ്പോൾ സാധാരണമാണ്.ഓരോ വിശേഷങ്ങൾക്കും അനുയോജ്യമായ തരത്തിൽ ചോക്ലേറ്റുകൾ വിപണിയിലിറങ്ങുകയും ചെയ്യുന്നുണ്ട്.
ചോക്ലേറ്റുകളോടുള്ള പ്രിയം മൂലം ആരോഗ്യാവസ്ഥ വില്ലനായാലും അവ ഒളിച്ചു കഴിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചോക്ലേറ്റ് പ്രേമം മൂലം മരണശേഷം അടക്കുന്നത് ചോക്ലേറ്റ് പോലെ തയ്യാറാക്കിയ പെട്ടിയിലാകണം എന്നു പറഞ്ഞാലോ. അതൊക്കെ നടക്കുമോ എന്നാകും എല്ലാവരുചേയും സംശയം. എന്നാൽ അതും നടന്നു കഴിഞ്ഞു. ഒരു ബ്രിട്ടീഷ് പൗരനാണ് മരണശേഷം കുടുംബത്തിൻ്റെ സഹായത്താൽ തൻ്റെ വിചിത്ര ആഗ്രഹം സാക്ഷാത്കരിക്കാനായത്.
യുകെയിലെ കെയർ അസിസ്റ്റൻ്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങൾ സാധിച്ചു നൽകിയത്. സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ഒരു ശവപ്പെട്ടിയിൽ തൻ്റെ മരണശേഷം തന്നെ സംസ്കരിക്കണമെന്ന് പോൾ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്രേ. എല്ലാവരും അതിനെ തമാശയായാണ് കണ്ടത്. എന്നാൽ ബ്രൂമിൻ്റെ മരണശേഷമാണ് അത് കാര്യമാണെന്ന് മനസിലായത്.
സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്ന് പോൾ തൻ്റെ വിൽപത്രത്തിൽ ഒരു ഔദ്യോഗിക അഭ്യർത്ഥനയായി നൽകിയിരുന്നു. അതോടെ അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം നടപ്പിലാക്കാൻ കുടുംബവും സുഹൃത്തുക്കളും ഒരുമിച്ചു നിന്നു.
പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. പെട്ടിയിൽ അയാം നട്ട്സ് എന്നും എഴുതിയിരുന്നു. സൗത്ത് ലണ്ടനിൽ നിന്നുള്ള പോൾ ഫുട്ബോൾ ക്ലബ്ബിൻ്റെ കടുത്ത ആരാധകനായിരുന്നതിനാൽ, ശവപ്പെട്ടിയിൽ ക്രിസ്റ്റൽ പാലസ് എഫ്‌സിയുടെ ലോഗോയും ഉൾപ്പെടുത്തിയിരുന്നു.
ജീവിതത്തിൽ ഏറെ നർമ്മബോധമുള്ള വ്യക്തിയായിരുന്നു പോൾ എന്നും മരണത്തിലും അദ്ദേഹം തൻ്റെ വ്യക്തിത്വവും, അഭിരുചിയുമെല്ലാം ചേർത്തുപിടിച്ചതായും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. ഏറെ വികാരനിർഭരമായാണ് പോളിൻ്റെ ബന്ധുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിനെ അവസാനമായി യാത്രയാക്കിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്തായി മരണപ്പെടുന്നവരുടെ അന്ത്യാ അഭിലാഷങ്ങൾക്ക് അനുസരിച്ച് പാരമ്പര്യേതര ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന പ്രവണത ബ്രിട്ടണിൽ വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.