കൊണ്ടുവന്നത് മെട്രോ നിർമാണത്തിന്; ഇപ്പോള്‍ തിരക്കേറിയ റോഡില്‍ തുരുമ്പെടുക്കുന്നു, അപകട ഭീഷണിയായി പൈലിങ് യന്ത്രം

വൈറ്റില ഹബ്ബിനടുത്ത് കണിയാമ്പുഴ റോഡിന്‍റെ സമീപത്താണ് കൊച്ചി മെട്രോ നിർമാണത്തിനെത്തിച്ച പൈലിങ് യന്ത്രമുള്ളത്
കൊണ്ടുവന്നത് മെട്രോ നിർമാണത്തിന്; ഇപ്പോള്‍ തിരക്കേറിയ റോഡില്‍ തുരുമ്പെടുക്കുന്നു, അപകട ഭീഷണിയായി പൈലിങ് യന്ത്രം
Published on

കൊച്ചി മെട്രോ നിർമാണത്തിനെത്തിച്ച കൂറ്റൻ പൈലിങ് യന്ത്രം തിരക്കേറിയ വൈറ്റില റോഡില്‍ ഉപേക്ഷിച്ചിട്ട് ഏഴു വർഷങ്ങൾ പിന്നിടുന്നു. ദിവസവും നൂറു കണക്കിന് വാഹനങ്ങളും വിദ്യാർഥികളും കടന്നുപോകുന്ന റോഡിൽ അപകട ഭീഷണിയായി നിൽക്കുകയാണ് പൈലിങ് യന്ത്രം .

വൈറ്റില ഹബ്ബിനടുത്ത് കണിയാമ്പുഴ റോഡിന്‍റെ സമീപത്താണ് കൊച്ചി മെട്രോ നിർമാണത്തിനെത്തിച്ച പൈലിങ് യന്ത്രമുള്ളത്. ഇറ കൺസ്ട്രക്ഷൻ കമ്പനിയുടെ പത്തു ടണ്ണിലേറെ ഭാരവും നൂറടിയിലേറെ ഉയരവുമുള്ള പൈലിങ് യന്ത്രമാണ് റോഡരികിൽ കിടക്കുന്നത് . കോടികൾ വിലമതിക്കുന്ന യന്ത്രം വെയിലും മഴയുമേറ്റ് തുരുമ്പെടുക്കുകയാണ് .


പൈലിങ് യന്ത്രം റോഡരികിലെ പ്രവർത്തനം പൂർത്തികരിക്കാത്തതിനെ തുടർന്ന് 2014ൽ ഡിഎംആർസിയും ഇറ കമ്പനിയും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് ഇറ കമ്പനിയെ നിർമാണ കരാറില്‍ നിന്നും നീക്കം ചെയ്തു. വൈകാതെ പ്രശ്നം കോടതിയിലെത്തി. കേസ് നീണ്ടുപോയതോടെ യന്ത്രം മാറ്റാൻ കമ്പനി ശ്രമിച്ചെങ്കിലും കരാർ ജോലി പൂർത്തിയാക്കാത്തതിനാൽ അധികൃതർ തടഞ്ഞു.

അതോടെ കമ്പനിക്ക് യന്ത്രം വഴിയരികില്‍ ഉപേക്ഷിക്കേണ്ടി വന്നു.  മെട്രോ നിർമ്മാണം തീരുന്നതിനനുസരിച്ച് റോഡ് ടാർ ചെയ്തെങ്കിലും പൈലിംഗ് യന്ത്രം കിടക്കുന്നതിനാൽ ഈ ഭാഗം മാത്രം ഒഴിച്ചിട്ടിരിക്കുകയാണ്.  വലിയൊരു അപകടം വരുന്നതിന് മുൻപ് യന്ത്രം സ്ഥലത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com