
ആന്ധ്രപ്രദേശിലെ ശ്രീ സുബ്ബരായ നാരായണ കോളേജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിൻ്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം പൊതു സമൂഹത്തിനു മുന്നില്‍ എത്തുന്നത്.
വീഡിയോയില്‍ ലാത്തിയുമായി നാലംഗ സംഘം വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ മുറി എന്നു കരുതുന്ന സ്ഥലത്ത് വെച്ച് മര്‍ദ്ദിക്കുന്നത് കാണാം.
വിദ്യാര്‍ഥികളെ ഒരോരുത്തരെയായി മുറിക്കുള്ളിലേക്ക് വിളിച്ചു വരുത്തി മെത്തയില്‍ കമഴ്ത്തിക്കിടത്തി ലാത്തികൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിൻ്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതാണ് സംസ്ഥാനത്തെ ക്രമസമാധാന നില, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എക്‌സില്‍ വീഡിയോ പങ്ക് വെച്ചു കൊണ്ടു കുറിച്ചു. വീഡിയോ ആഭ്യന്തര മന്ത്രി അനിത വങ്കല്‍പ്പുഡിക്ക് ടാഗും ചെയ്തിരുന്നു. വിദ്യാര്‍ഥികളെ മർദ്ദിച്ച ആറു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാഗിങ് നിരോധന നിയമ പ്രകാരം ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.