
ബിടിഎസ് ആരാധകരെ ആവേശത്തിലാഴ്ത്തി സൈനിക സേവനം പൂർത്തിയാക്കി ജെ ഹോപ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് 18 മാസത്തെ നിർബന്ധിത രാജ്യസേവനത്തിനായി ജെ ഹോപ് സൈന്യത്തിൽ ചേരുന്നത്. താരത്തിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ബടിഎസും ആരാധകരും.
രാജ്യത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തിയ ജെ ഹോപ്പിനെ സ്വീകരിക്കാൻ ബാന്‍ഡിലെ മറ്റൊരു അംഗമായ ജിൻ തന്നെ സ്ഥലത്തെത്തി. സൈനിക സേവനം പൂർത്തിയാക്കി ജൂണിലാണ് ജിന്‍ തിരിച്ചെത്തിയത്.
ഗ്യാങ് വോൺ പ്രവിശ്യയിലെ വോഞ്ച് സൈനിക ക്യാംപിലാണ് ജെ ഹോപ് സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നത്. ക്യാംപിനു പുറത്തേക്ക് സൈനിക വേഷത്തിലിറങ്ങിയ ജെ ഹോപ്പിനെ സ്വീകരിക്കാൻ വലിയ ബൊക്കെയുമായാണ് ജിൻ കാത്തുനിന്നത്. ആരാധകരോട് നന്ദി പറഞ്ഞ ജെ ഹോപ് രാജ്യത്തെ സംരക്ഷിക്കാൻ കഠിനമായി പ്രവർത്തിക്കുന്നവരാണ് സൈനികരെന്നും പ്രതികരിച്ചു.
Also Read: സൽമാൻ ഖാന് വധഭീഷണി: അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സന്ദേശം
ദക്ഷിണ കൊറിയയിൽ 18 മുതൽ 30 വരെ പ്രായമുള്ളവർ നിർബന്ധമായും സൈനിക സേവനം പൂർത്തിയാക്കണമെന്ന നിയമമുള്ളതിനാലാണ് ബിടിഎസ് താരങ്ങളും സൈന്യത്തിൽ ചേർന്നത്. 18 മുതൽ 21 മാസം വരെയാണ് സേവന കാലാവധി. 18 മാസത്തെ നിർബന്ധിത സൈനിക പരിശീലനം പൂർത്തിയാക്കിയാണ് ജെ ഹോപ്പ് പുറത്തിറങ്ങിയത്.
ജിന്നിൻ്റെ ആദ്യത്തെ സോളോ ആൽബം നവംബറിൽ 15നാണ് പുറത്തിറങ്ങുന്നത്. ബിടിഎസ് സംഘത്തിലെ ബാക്കി അഞ്ച് പേരും സൈനിക സേവനത്തിൽ തന്നെയാണ്. 2025ഓടെയാകും ബിടിഎസിലെ ബാക്കി ഗായകരും പുറത്തെത്തുക. ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.