
യുവാക്കളേയും, ദരിദ്രരേയും, സ്ത്രീകളേയും പരിഗണിക്കുന്ന ബജറ്റ് എന്ന ആമുഖത്തോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങിയത്. സൂചന പോല തന്നെ യുവാക്കളെ ആകർഷിക്കുന്ന തൊഴിൽ, വിദ്യാഭ്യാസ വാഗ്ദാനങ്ങളുമായി നിരവധി പദ്ധതികകൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ ഉറപ്പു നൽകുന്നു. 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം, അതിനായി ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ പത്ത് ലക്ഷം രൂപവരെ വായ്പസഹായം എന്നിവയും ബജറ്റിൽ വാഗ്ദാനം ചെയ്യുന്നു. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടാണ് നൈപുണ്യ വികസന പദ്ധതികൾ.
രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പറയുന്നു. ഇവർക്ക് 5000 രൂപ വീതം സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായും നൽകും. പരിശീലനത്തിനുള്ള ചെലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്നും ബജറ്റിൽ ധനമന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്കും ഏറെ വാഗ്ദാനങ്ങൾ ഉയർത്തുന്ന ബജറ്റാണ് ഇത്തവണത്തേത്. 25,000 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നൽകും. ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ-വൗച്ചറുകള്‍ നൽകുമെന്നും ബജറ്റിൽ പറയുന്നു.