
ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ടിഡിപിയും ജെഡിയുവും. ആന്ധ്രപ്രദേശിനും ബീഹാറിനുമുള്ള സഹായം ഒരു ലക്ഷം കോടിയായി ഇരട്ടിപ്പിക്കണമെന്നാണ് എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ, ധനമന്ത്രി നിര്‍മല സീതാരാമനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള നീക്കമാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഉയര്‍ന്ന കടമെടുക്കല്‍ പരിധിയ്ക്ക് പുറമേയാണ് ബിജെപിയുടെ രണ്ട് പ്രധാന സഖ്യകക്ഷികളും കോടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 48,000 കോടി രൂപയുടെ വിഹിതമാണ് ഇരുകക്ഷികളുടെയും ആവശ്യം. ടിഡിപിയുടെയും ജെഡിയുവിന്റെയും 28 എംപിമാരുടെ പിന്തുണയോടെയാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുകൊണ്ട് തന്നെ ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ അധിക വിഹിതം നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കണ്ട ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആന്ധ്രയ്ക്കായി ഒരു ലക്ഷം കോടിയിലധികം സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അമരാവതി-പോളവരം ജലസേചന പദ്ധതി, മെട്രോ-ലൈറ്റ് റെയില്‍ പദ്ധതികള്‍, വിജയവാഡയില്‍ നിന്ന് മുംബൈയിലേക്കും ന്യൂഡല്‍ഹിയിലേക്കുമുള്ള വന്ദേഭാരത് ട്രെയിന്‍ എന്നിവയ്ക്കായി നായിഡു പണം ആവശ്യപ്പെട്ടു.
പിന്നാക്ക ജില്ലകള്‍ക്കുള്ള ഗ്രാന്റും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഒമ്പത് പുതിയ വിമാനത്താവളങ്ങള്‍, രണ്ട് പവര്‍ പ്രോജക്ടുകള്‍, രണ്ട് നദീജല പദ്ധതികള്‍, ഏഴ് മെഡിക്കല്‍ കോളേജുകളുടെ സ്ഥാപനം എന്നിവയ്ക്കായി ബീഹാറും അധിക തുക ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന നിരുപാധികമായ ദീര്‍ഘകാല വായ്പകള്‍ 1 ലക്ഷം കോടി രൂപയായി ഇരട്ടിപ്പിക്കണമെന്നും ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ തുക വിപണിയില്‍ നിന്ന് കടമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇവര്‍ ആവശ്യപ്പെട്ടു. ജൂലൈ 23 നാണ് 2025 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ജിഡിപിയുടെ 5.1 ശതമാനം ധനക്കമ്മിയാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.