
എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിനു സമീപം ആക്രി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥാപന ഉടമ. ആരോ മനപ്പൂര്‍വം തീയിട്ടതാകാം. 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും സ്ഥാപന ഉടമ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സൗത്ത് റെയിവേ സ്റ്റേഷന് സമീപമുള്ള ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ആക്രിക്കടയ്ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.തീ പടർന്നത് കെട്ടിടത്തിന് പിൻവശത്തു നിന്നാണെന്നാണ് കണ്ടെത്തൽ. കൂടുതൽ പരിശോധന നടന്നു വരികയാണ്.
തീപിടുത്തത്തില്‍ ഗോഡൗണിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. ആക്രിക്കടയില്‍ ഉണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അഗ്നിബാധയെ തുടര്‍ന്ന് സൗത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.
ആക്രിക്കടയുടെ സമീപത്തുള്ള മറ്റ് ഇടങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു.