
പ്രമുഖ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്ര) അധികൃതർ പൊളിച്ടു മാറ്റുന്നു. 10 ഏക്കർ സ്ഥലത്ത് നിർമിച്ച എൻ-കൺവെൻഷൻ സെൻ്ററിൽ വർഷങ്ങളായി പരിശോധന നടത്തുന്നുണ്ട്. നഗരത്തിലെ മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ ഫുൾ ടാങ്ക് ലെവൽ (എഫ്‌ടിഎൽ) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സ്ഥാപനം പൊളിച്ചു മാറ്റുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്‌ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി 2 ഏക്കറും എൻ-കൺവെൻഷൻ കൈയേറിയെന്നാണ് ആരോപണം. ശനിയാഴ്‌ച പുലർച്ചെയാണ് പൊളിച്ചുനീക്കൽ ഡ്രൈവ് ആരംഭിച്ചത്. ഹൈഡ്രാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്‌തു.