
ബംഗ്ലാദേശിൽ ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ പ്രതിമകളും ചുവർചിത്രങ്ങളും അവാമി ലീഗ് നേതാക്കളുടെയും വീടുകളും തകർത്ത് പ്രതിഷേധക്കാർ. ഏകദേശം 12ന് മുകളിൽ ജില്ലകളിലാണ് പ്രതിഷേധക്കാർ ബംഗ്ലാദേശ് സ്ഥാപക നേതാവിന്റെ പ്രതിമകൾ വികൃതമാക്കിയത്. ഷെയ്ഖ് മുജീബിന്റെ ധൻമോണ്ടി -32 വസതി കത്തിച്ച്, ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് രാജ്യവ്യാപകമായി അവാമി ലീഗ് നേതാക്കൾക്ക് എതിരെ നടന്ന ആക്രമണങ്ങൾ.
നവോഖാലിയിലെ കമ്പാനിഗഞ്ചിൽ സ്ഥിതിചെയ്യുന്ന അവാമി ലീഗ് ജനറൽ സെക്രട്ടറിയും മുൻ ഗതാഗത മന്ത്രിയുമായ ഒബൈദുൽ ക്വാദറിന്റെ വീട് ആക്രമിച്ച പ്രതിഷേധക്കാർ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ബോറ രാജപൂർ തെരുവിലുള്ള വീടിനു നേരെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ, ക്വാദറിന്റെ ഇളയ സഹോദരനും കമ്പനിഗഞ്ച് അവാമി ലീഗ് പ്രസിഡന്റുമായ അബ്ദുൾ ക്വാദർ മിർസയുടെ ഇരുനില വീടും ബസുർഹട്ട് മുനിസിപ്പാലിറ്റിയുടെ മുൻ മേയറായ ഷഹാദത്ത് മിർസയുടെ കെട്ടിടവും കൊള്ളയടിക്കപ്പെട്ടു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനും പ്രതിഷേധക്കാർ തീയിട്ടു. ആക്രമണങ്ങൾ നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പബ്‌നയിലെ ഷാൽഗരിയ ഗ്രാമത്തിലുള്ള ആവാമി നേതാവ് അബു സയീദിന്റെ വീടും ഇന്നലെ പ്രതിഷേധക്കാർ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെ, പ്രതിഷേധക്കാർ അവാമി ലീഗിന്റെ ജില്ലാ ഓഫീസും എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർത്തിരുന്നു. കുമില്ലയിൽ, പ്രതിഷേധക്കാർ നഗരത്തിലെ ഷെയ്ഖ് മുജിബിന്റെ രണ്ട് ചുവർചിത്രങ്ങളാണ് തകർത്തത്. കുമില്ല കോടതി കെട്ടിടത്തിന് മുന്നിലുള്ള മുജിബുറിന്‍റെ ചുവർചിത്രവും ഇവർ നശിപ്പിച്ചു. ബുൾഡോസറുമായാണ് പ്രതിഷേധക്കാർ കോടതി പരിസരത്തിലേക്ക് എത്തിയത്. ഫാസിസത്തിന്റെ എല്ലാ അടയാളങ്ങളും തങ്ങൾ തകർക്കുമെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട്, വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ കുമില്ല സിറ്റി യൂണിറ്റ് സെക്രട്ടറി റഷെദുൽ ഹഖ് പറഞ്ഞു. ഇതിനു പിന്നാലെ കുമില്ല സിറ്റി പാർക്കിലുണ്ടായിരുന്ന ഷെയ്ഖ് മുജിബിന്റെ മറ്റൊരു ചുവർചിത്രവും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നാരായൺഗഞ്ചിൽ, ബംഗ്ലാദേശ് നാഷണൽ പാർട്ടി അനുകൂലിയായ അഭിഭാഷകർ നാരായൺഗഞ്ച് കോടതി പരിസരത്തുണ്ടായിരുന്ന ഷെയ്ഖ് മുജിബിന്റെ ചുവർചിത്രങ്ങളും പ്രതിമയും നഗരത്തിലെ ഡെപ്യൂട്ടി കമ്മീഷണറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ഓഫീസുകളും തകർത്തു. നിർമാണ തൊഴിലാളികളെ വിളിച്ചുവരുത്തി ചുറ്റികകളും വടിവാളുകളും ഉപയോഗിച്ച് അവ പൊളിക്കാൻ ഇവർ നിർദേശിച്ചതായാണ് സാക്ഷികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു നാരായൺഗഞ്ച് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് സാഹിദുൽ ഇസ്ലാം മിയയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ധാക്കയിലെ വസതി പ്രതിഷേധക്കാർ ആക്രമിച്ച് തീയിട്ടത്. മുജിബുർ റഹ്മാന്റെ മകളും രാജിവെച്ച ശേഷം നാട് വിട്ട മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ അഭിസംബോധനയ്ക്കിടെയായിരുന്നു ആക്രമണങ്ങള്‍. ധാക്കയിലെ ധൻമോണ്ടിയിലുള്ള വസിതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഹസീനയുടെ ഓൺലൈൻ പ്രസംഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'ബുൾഡോസർ റാലി' നടത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തിരുന്നു. അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗമായ ഛാത്ര ലീഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗത്തിലാണ് ഹസീന, നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ പണയപ്പെടുത്തി നമ്മൾ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അവർക്ക് ശക്തിയില്ലെന്നായിരുന്നു നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നിലവിലുള്ള ഭരണകൂടത്തെ പരാമർശിച്ചുകൊണ്ട് ഹസീന പറഞ്ഞത്. ഇതിനു പിന്നാലെയാണ് അവാമി ലീഗ് നേതാക്കൾക്കും മുജിബുർ റഹ്മാന്റെ പ്രതിമകൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം ആരംഭിച്ചത്. വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനമാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സർക്കാർ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്.