കത്തുന്ന ചൂട്; ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും റെഡ് അലേര്‍ട്ട്

ബിഹാറില്‍ കനത്ത ചൂടില്‍ 24 മണിക്കൂറിനിടെ 22 മരണം.
കത്തുന്ന ചൂട്; ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും റെഡ് അലേര്‍ട്ട്
Published on

ദേശീയ തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് അപകടസാധ്യത മുന്നറിയിപ്പ് നല്‍കുന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെല്‍ഹിയില്‍ 45 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ് ചൂട്. ജൂണില്‍ സാധാരണ അനുഭവപ്പെടാറുള്ള ചൂടില്‍ നിന്ന് ആറ് ഡിഗ്രി സെല്‍ഷ്യസ് അധികമാണിത്. ഹീറ്റ് ഇന്‍ഡെക്സ് അഥവാ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം 50 ഡിഗ്രി സെല്‍ഷ്യസിന് തുല്യമാണ്. ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 46 ഡിഗ്രി സെല്‍ഷ്യസിനു മേലാണ് ചൂട്. ബിഹാറില്‍ കടുത്ത ചൂടും, ഹ്യുമിഡിറ്റിയും മൂലം 24 മണിക്കൂറിനിടെ 22 പേരാണ് മരിച്ചത്.

കടുത്ത ചൂട് വിമാന സര്‍വീസിനെയും ബാധിച്ചു. ഗ്രൗണ്ടിലെ ഉയര്‍ന്ന താപനിലയെത്തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന്, ഡല്‍ഹിയില്‍നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റുകള്‍ മൂന്ന് മണിക്കൂറോളം വൈകി.

അടുത്തയാഴ്ചയോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്‍സൂണ്‍ എത്തിയാല്‍ മാത്രമേ, ചൂടിന് ശമനം ഉണ്ടാവുകയുള്ളൂ. ഡല്‍ഹിയിലും പരിസരങ്ങളിലും ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, മണ്‍സൂണ്‍ മഴ ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com