റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ 500 രൂപ നോട്ടുകള്‍ ; ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

വീടിന്റെ പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്കാണ് പണം ലഭിച്ചത്
റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ 500 രൂപ നോട്ടുകള്‍ ; ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്
Published on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ജഡ്ജിയുടെ വസതിക്കു സമീപത്തു നിന്നും കത്തിക്കരിഞ്ഞ അഞ്ഞൂറ് രൂപ നോട്ടുകള്‍ കണ്ടെത്തി. വീടിന്റെ പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്കാണ് പണം ലഭിച്ചത്.

കത്തിക്കരിഞ്ഞ പണം കണ്ടെത്തിയതോടെ ശുചീകരണ തൊഴിലാളികള്‍ ചിത്രമെടുത്ത് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. മാര്‍ച്ച് 14 ന് ഹോളി രാത്രിയില്‍ ജസ്റ്റിസ് വര്‍മയുടെ വീട്ടുവളപ്പിലുള്ള ഔട്ട് ഹൗസില്‍ ഉണ്ടായ തീപിടുത്തത്തിലാണ് കറന്‍സി നോട്ടുകള്‍ കത്തിനശിച്ചതെന്ന പൊലീസ് വാദത്തിന് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ കത്തിനശിച്ച കറന്‍സി നോട്ടുകള്‍.

തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം.

സംഭവത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി അന്വേഷണ റിപ്പോര്‍ട്ട് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളുമാണ് സുപ്രിംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജുഡീഷ്യല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ജസ്റ്റിസ് വര്‍മയെ മാറ്റി നിര്‍ത്താനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജഡ്ജി ജി.എസ് സന്ധാവാലിയ, കര്‍ണാടക ചീഫ് ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

അതേസമയം, സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com