
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. 19 പേർക്ക് പരുക്ക്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഇന്ന് രാവിലെയോടെയാണ് ഉത്തരാഖണ്ഡിലെ ഗഡ്‌വാലിയിൽ നിന്ന് കുമയൂണിലേക്ക് പോയ ബസ് അപകടത്തിൽപെട്ടത്.
മർച്ചുളയിൽ നിന്ന് 200 മീറ്റർ താഴ്ചയിലുള്ള കൊക്കയിലേക്ക് പതിച്ച ബസിൽ അപകടസമയത്ത് 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിൽ അപടകടത്തിൽ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും, പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ പുഷ്കർ സിങ് ധാമി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.