
കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിന്‍വലിച്ചു. ചെങ്ങോട്ട് കാവില്‍ അപകടകരമായി ബസ് ഓടിച്ചെന്ന് ആരോപിച്ച് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായതിനെ തുടർന്നാണ് ബസ് സമരം പിന്‍വലിച്ചത്. ഗ്രീസ് ബസ്സിലെ ഡ്രൈവര്‍ അമല്‍ജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ച് സർവീസ് റോഡിൽ നിന്നും ബൈക്കിന് സൈഡ് നൽകിയില്ല എന്ന് പറഞ്ഞ് ബസിലെ തൊഴിലാളികളെ ഒരു കൂട്ടം ആളുകൾ മർദിച്ചതിൽ പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബസ് തൊഴിലാളികളാണ് സൂചനാ പണിമുടക്കിനു ആഹ്വാനം ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്‌താൽ സമരം പിൻവലിക്കുമെന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുവാൻ താത്പര്യമില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കിയിരുന്നു. ഇന്ന് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടക്കാനിരിക്കെ സമരം പ്രഖ്യാപിച്ചത് വിദ്യാർഥികളെ ആശങ്കയിലാക്കിയിരുന്നു.