വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണം അവസാനലാപ്പിൽ, കൊട്ടിക്കലാശം നാളെ

കഴിഞ്ഞ ദിവസത്തെ പ്രിയങ്ക ഗാന്ധിയുടെ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചത് തിരുനെല്ലി ക്ഷേത്രത്തിലാണ്
വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണം അവസാനലാപ്പിൽ, കൊട്ടിക്കലാശം നാളെ
Published on

വയനാട് ലോക്സഭാ മണ്ഡലം ആവേശപ്രചരണത്തിന് നാളെ കൊട്ടിക്കലാശം. അവസാന വട്ട പ്രചരണങ്ങൾക്കൊടുവിൽ ബുധനാഴ്ചയാണ് വയനാട്ടിൽ വോട്ടെടുപ്പ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നാളെ വയനാട് ബത്തേരിയിലും തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. അതേസമയം, ഇടത് മുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയിട്ടുണ്ട്. എൻഡിഎ ക്യാമ്പുകളുടെ കൊട്ടിക്കലാശം കൽപ്പറ്റയിലും ബത്തേരിയിലുമായാണ് നടക്കുന്നത്.

ഞായറാഴ്ച പ്രിയങ്കാ ഗാന്ധിയുടെ പ്രചരണ ക്യാമ്പെയിൻ ആരംഭിച്ചത് തിരുനെല്ലി ക്ഷേത്രത്തിലായിരുന്നു. വൈകാരികമായി അടുപ്പമുള്ള ഒരു ഇടം എന്ന നിലയിൽ മകനൊപ്പമാണ് പ്രിയങ്ക അവസാന ലാപ്പിലെ പ്രചരണത്തിനെത്തിയത്. പിതാവിൻ്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിക്കരികിലെ തിരുനെല്ലി ക്ഷേത്രത്തിലെ ദർശനത്തിന് തെരഞ്ഞെടുപ്പ് കാലത്ത് വൈകാരികതകൾക്കപ്പുറം രാഷ്ട്രീയ മാനങ്ങളുമുണ്ട്.

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ആറിടങ്ങളിൽ സ്വീകരണ പരിപാടികളിലും പങ്കെടുത്ത പ്രിയങ്ക, നായ്ക്കട്ടിയിൽ മലയാളത്തിൽ പ്രസംഗിച്ചു. ഇനിയും ഞാൻ തിരിച്ചു വരുമെന്ന് പ്രിയങ്ക അവിടുത്തെ വോട്ടർമാരോട് പറഞ്ഞു. നാളെ കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയുമെത്തുന്നതോടെ യുഡിഎഫിൻ്റെ കൊട്ടിക്കലാശം പ്രവർത്തകരെ ആവേശത്തിലാഴ്ത്തും എന്നാണ് പ്രതീക്ഷ.  നാളെ ബത്തേരിയിൽ രാവിലെ പത്തിനും, തിരുവമ്പാടിയിൽ വൈകിട്ട് മൂന്നിനും ഇരുവരും റോഡ് ഷോയിൽ പങ്കെടുക്കും. ഇടതു എൻഡിഎ ക്യാമ്പുകളും അവസാനവട്ട പ്രചരണം ഗംഭീരമാക്കുന്നുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലും, എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് സുൽത്താൻ ബത്തേരിയിലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പിന്റെ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചരണത്തിൽ മികച്ച ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 2014 പോലെ അട്ടിമറിയാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

അതേസമയം, കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഞായറാഴ്ച കയ്യാങ്കളിയും ഉണ്ടായതായി റിപ്പോർട്ടുണ്ട്. വടുവഞ്ചാലിൽ വെച്ച് വൈകീട്ടോടെ നടന്ന റോഡ് ഷോക്കിടെയാണ് സംഭവം.വാഹനത്തിനു മുന്നിലുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളി മാറ്റാൻ ശ്രമിച്ചതോടെയാണ് നേരിയ സംഘർഷമുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com