
ഷിരൂരിലെ കാണാതായവർക്കുള്ള തെരച്ചിൽ പുരോഗമിക്കുന്നു. ഗംഗാവലി പുഴയിൽ നിന്നും രണ്ട് ടയറുകൾ ഉൾപ്പെടെയുള്ള വീൽ ഭാഗവും, ട്രക്കിൻ്റെ ക്യാബിനും പുറത്തെടുത്തു. ഇതു രണ്ടും തൻ്റെ ലോറിയുടേതല്ലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായ മനാഫ് പറഞ്ഞു. പുഴയിൽ രണ്ട് ട്രക്കുകളുണ്ടെന്നും, രണ്ടാമത് കണ്ടത് ചെറിയ വാഹനത്തിൻ്റെ ഭാഗമാണെന്നും മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെ അറിയിച്ചിരുന്നു.
കണ്ടെത്തിയ ക്യാമ്പിൻ ഗ്യാസ് ടാങ്കർ ലോറിയുടേതെന്ന് സംശയം. ഇന്നത്തെ തെരച്ചിലിൽ ഒരു വാഹനത്തിൻ്റെ ടയർ അടങ്ങിയ ക്യാബിനും മറ്റൊരു വാഹനത്തിൻ്റെ സ്റ്റിയറിങ്ങും ക്ലച്ചും ആക്സിലുമാണ് കണ്ടെത്തിയത്. ഈശ്വർ മാൽപെയെ ക്രെയിൻ ഉപയോഗിച്ച് പുഴയിലിറക്കിയായിരുന്നു പരിശോധന. ഡ്രഡ്ജറിലെ ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തിയത്.
വൈകിട്ടോടെ പുറത്തെടുത്ത ടയറുകളും അർജുൻ്റെ ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ഇപ്പോൾ കിട്ടിയിരിക്കുന്നത് പഴയ ലോറിയുടെ ടയർ ആണെന്നും അർജുൻ ഓടിച്ചിരുന്ന വാഹനത്തിൻ്റെ ഉടമ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 9 മണി മുതലാണ് ഗംഗാവലി പുഴയിൽ പരിശോധന ആരംഭിച്ചത്. 6 മണി മുതൽ പുഴയിൽ ഇറങ്ങാൻ തയ്യാറായി ഈശ്വർ മാൽപെ ഗംഗാവാലിയുടെ കരയിൽ എത്തിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സ്ഥലം എംഎൽഎ ഇടപെട്ടാണ് അനുമതി നൽകിയത്. 8.50 ഓടെ മാൽപെ പുഴയിലേക്കിറങ്ങി. തൊട്ടുപിന്നാലെ ഡ്രഡ്ജർ മണ്ണുനീക്കിയുള്ള പരിശോധനയും ആരംഭിച്ചു.
രാവിലെ 10.40 ഓടെ മാൽപെയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ തടിക്കഷ്ണം കണ്ടെത്തി. കരയിലെത്തിച്ച തടി, അർജുന്റെ വാഹനത്തിലേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതോടെ പരിശോധന വേഗത്തിലാക്കുകയായിരുന്നു. മണ്ണിടിച്ചിലിന് മുൻപ് സ്ഥലത്തുണ്ടായിരുന്ന കടയുടെ പിന്നിലാണ് ഈശ്വർ മാൽപെ പരിശോധന നടത്തുന്നത്.
പുഴയുടെ നടുഭാഗത്തായാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന. ഇതിനിടെ അർജുൻ്റെ സഹോദരി അഞ്ജു സ്ഥലത്തെത്തി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.