നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം

പ്രതിക്ക് പ്രായത്തിന്റെ പരിഗണന പോലും നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു
നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം
Published on

നന്തൻകോട് കൂട്ടക്കൊലപാതകത്തിലെ ഏക പ്രതി കേഡല്‍ ജെന്‍സന്‍ രാജയ്ക്ക് ജീവപര്യന്തം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. 201 വകുപ്പ് പ്രകാരം 5 വർഷം തടവും, ഒരുലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. കൂടാതെ 436 പ്രകാരം ഏഴുവർഷം 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ രണ്ട് വകുപ്പുകളിലെയും ശിക്ഷ അനുഭവിച്ചതിന് ശേഷമേ പ്രതിക്ക് വിധിച്ച ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂ.


പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അവശ്യപ്പെട്ടിരുന്നു. കൃത്യം നടന്നതിനു മുൻപും ശേഷവും പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ പ്രൊജക്ഷൻ ഇല്ല. ഇതല്ലാതെ പ്രതി ആശ്രമത്തിൽ പോയി ആസ്ട്രൽ പ്രൊജക്ഷൻ പഠിച്ചതാണോ എന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒരു ലക്ഷം രൂപയാണ് ആന്റിലളിത പ്രതിക്ക് നൽകിയത്. എന്നിട്ട് അവരേയും കൊലപ്പെടുത്തി.

പ്രതി മാനസാന്തരപ്പെട്ട് സമൂഹത്തിൽ തിരിച്ചുവരുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ അക്കാര്യത്തിൽ വാദിഭാഗം പോലും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇയാൾക്കെതിരെ മൊഴി നൽകിയവരുടെ ജീവന് ആര് സംരക്ഷണം നൽകുമെന്നും, നാലു പേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച പ്രതി ഒരുതരത്തിലും മാനസാന്തരപ്പെടാൻ സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വളരെ ബുദ്ധിപൂർവം കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പ്രതി ബുദ്ധിമാനാണ്. പ്രതിക്ക് പ്രായത്തിന്റെ പരിഗണന പോലും നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നാലും അഞ്ചും പേരെയും കൊല ചെയ്ത കേസുകൾ വേറെയുണ്ട്. എന്നാൽ ഇത്   അപൂർവങ്ങളിൽ അപൂർവമായി കേസാണ്. പാലൂട്ടി വളർത്തിയ അമ്മയെയും, അച്ഛനെയും സഹോദരിയെയും അന്ധയായ നിരാലംബയായ സ്ത്രീയെയുമാണ് പ്രതി കൊലപ്പെടുത്തിയത്. ഇഷ്ടപ്പെടാത്ത കോഴ്സിന് പഠിക്കാൻ വിട്ടതാണ്. പ്രശ്നമെങ്കിൽ വേറെ കോഴ്സ് നോക്കണം. അല്ലാതെ അരും കൊല ചെയ്യുകയാണോ വേണ്ടതെന്ന് പ്രോസിക്യൂഷൻ ചോദ്യമുയർത്തിയിരുന്നു.


മാനസികരോഗം അഭിനയിക്കുന്നെന്ന് പ്രോസിക്യൂഷൻ പറഞ്ഞത് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദിച്ചു. 2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. റിട്ട. പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.



ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരിന്നു കൊലപാതകം. പെട്രോള്‍ ഒഴിച്ചു മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ശേഷം പ്രതി ചെന്നൈയിലേക്ക് കടന്നുകളയുകയും ചെയ്തു. തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കേഡലിനെ പൊലീസ് പിടികൂടുകയായിരുന്നു.

രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്ന് പ്രതി മനോരോഗ വിദഗ്ധന് മുമ്പിൽ തുറന്നുപറഞ്ഞിരുന്നു. കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നാണ് പ്രതി ആദ്യം പ്രതികരിച്ചത്. കേസിൽ 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com