
ആംആദ്മി പാർട്ടിയെ വലച്ച ഡൽഹി മദ്യ നയത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മദ്യനയം 2026കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ മദ്യശാലകൾക്ക് ലൈസൻസ് നൽകിയതിലും ക്രമക്കേടുകളുണ്ട്. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ വിദഗ്ധ സമിതിയുടെ ശുപാർശകൾ അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
മദ്യനയത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ആംആദ്മി പാർട്ടി നേതാക്കൾക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലസ്ഥാനത്തെ മദ്യ റീട്ടെയിൽ ലാൻഡ്‌സ്‌കേപ്പ് നവീകരിക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് 2021നവംബറിൽ മദ്യനയം അവതരിപ്പിച്ചത്.
എന്നിരുന്നാലും,അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും ഇഡിയുടെയും സിബിഐയുടെയും അന്വേഷണത്തിലേക്ക് നയിച്ചു. അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള എഎപി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാൾ പുറത്തിങ്ങിയത്.
സിഎജി റിപ്പോർട്ട് വൈറലായതോടെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ അരവിന്ദ് കെജ്‌രിവാളിനെ മദ്യത്തിൻ്റെ രാജാവ് എന്ന് വിശേഷിപ്പിച്ചു. "എഎപി സ്‌കൂളുകൾ വാഗ്ദാനം ചെയ്തു, പകരം മദ്യശാലകൾ നിർമിച്ചു. അവർ ചൂലുകളെക്കുറിച്ചും ശുദ്ധമായ ഭരണത്തെക്കുറിച്ചും സംസാരിച്ചു, എന്നാൽ ' സ്വരാജിൽ ' നിന്ന് ' ഷരാബിലേക്ക് ' (സ്വരാജിൽ നിന്നും മദ്യത്തിലേക്ക്) മാറി. അവരുടെ 10 വർഷത്തെ യാത്ര അഴിമതികളാൽ അടയാളപ്പെടുത്തിയിരിക്കുന്നു", താക്കൂർ കൂട്ടിച്ചേർത്തു.
അതേസമയം സിഎജി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കൊണ്ട് എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് രംഗത്തെത്തി. ബിജെപി ഓഫീസിലാണോ റിപ്പോർട്ട് സമർപ്പിച്ചതെന്നും, എന്തുകൊണ്ടാണ് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാത്തതെന്നും സഞ്ജയ് സിങ് ചോദ്യമുന്നയിച്ചു.