
ലോസ് ആഞ്ചലസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് നഗരം കടന്നുപോകുന്നത്. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇതിനകം കാട്ടുതീയിൽ കത്തിനശിച്ചത്. അമേരിക്കൻ സിനിമ ശൃംഖല സ്ഥിതി ചെയ്യുന്ന ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബോർഡിലേക്കും കാട്ടു തീ പടരുകയാണ്.
ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ രണ്ട് ദിവസം കഴിയുമ്പോഴേക്കും ലോസ് ആഞ്ചലസിൻ്റെ ആത്മാവിനെ ഇതിനകം വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. സാധാരണക്കാരെന്നോ, ഹോളിവുഡ് താരങ്ങളെന്നോ വ്യത്യാസമില്ലാതെ ലോസ് ആഞ്ചസലിൽ ആറ് പ്രദേശങ്ങളിലായി കാട്ടൂതീ പടരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മൂന്ന് പ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഹോളിവുഡിൽ നിന്ന് ഉൾപ്പടെ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥർ. വ്യാഴാഴ്ച രാവിലെയാണ് ഹോളിവുഡ് ഹില്ലിലേക്ക് കാട്ടു തീ പടർന്നത്. ഹോളിവുഡ് സെലിബ്രിറ്റികളുടെ ഉൾപ്പടെ ആഢംബര വീടുകളെ വിഴുങ്ങിക്കൊണ്ട് പ്രശസ്ത ഹോളിവുഡ് ബോർഡിലേക്ക് കാട്ടുതീ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
1,37,000 പേരെയാണ് കാട്ടുതീ പടർന്ന് പിടിക്കുന്ന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നത്. ജീവിതത്തിൻ്റെ സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടും ലക്ഷങ്ങൾ വിലമതിക്കുന്ന കാറുമെല്ലാം ഉപേക്ഷിച്ചാണ് ജനം ജീവന് വേണ്ടി പരക്കം പായുന്നത്. ഹെലികോപ്റ്ററുകളിൽ ഉൾപ്പെടയാണ് തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.ആയിരക്കണക്കിന് അഗ്നിരക്ഷാ സേന പ്രവർത്തകർ ഇതിനകം രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ഒരേസമയം പല മേഖലകളിൽ കാട്ടുതീ പടർന്നു പിടിക്കുന്നതും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ട്.ഇതിനകം 50 ബില്യൺ ഡോളറിൻ്റെ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന പ്രാഥമിക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോസ് ആഞ്ചലസ് കൗണ്ടിയിൽ മൂന്ന് ലക്ഷത്തിൽപരം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.