
താത്കാലിക താമസക്കാർക്കും വിദേശസന്ദർശകർക്കും മുന്നിൽ വാതിലുകളടച്ച് കാനഡ. കുറച്ച് വിസകൾ സ്വീകരിച്ചും കുടിയേറ്റക്കാരെയും വിദേശസന്ദർശകരെയും തിരിച്ചുവിട്ടും അധികൃതർ രാജ്യത്തേക്കുള്ള വിദേശികളുടെ വരവ് കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ വീടുകളുടെ ദൗർലഭ്യവും വിലക്കയറ്റവും വർധിക്കുന്നുവെന്നാണ് നിലവിൽ ഉയരുന്ന പ്രധാന ആരോപണം.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിലുള്ള ലിബറൽ സർക്കാർ താത്കാലിക താമസക്കാരുടെയും സ്ഥിരമായ കുടിയേറ്റക്കാരുടെയും(പെർമനൻ്റ് ഇമിഗ്രൻ്റ്സ്) എണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണ്. ഇതാണ് രാജ്യത്തേക്കുള്ള വിദേശയാത്രക്കാരുടെ തിരസ്‌കരണം വർധിക്കാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
വിദേശികളെ സ്വീകരിക്കുന്നതിൽ കനേഡിയൻമാർ അഭിമാനിക്കുന്നെങ്കിലും രാജ്യം ഒരു പരിധിക്കപ്പുറം കുടിയേറ്റക്കാരെ സ്വീകരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ബോർഡർ, ഇമിഗ്രേഷൻ ഓഫീസർമാർ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്ന് നിരീക്ഷകർ പറയുന്നു. ജൂലൈയിൽ രാജ്യം 5,853 വിദേശ യാത്രികരുടെ പ്രവേശനം നിഷേധിച്ചിരുന്നു. ഇവരിൽ വിദ്യാർഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. 2024-ലെ ആദ്യ ഏഴ് മാസങ്ങളിൽ, പ്രതിമാസം ശരാശരി 3,727 വിദേശ യാത്രക്കാരെയാണ് കാനഡേയിൻ ബോർഡർ ഓഫീസർമാർ തിരിച്ചയച്ചത്.
" കാനഡയിലേക്ക് വരുന്ന വ്യക്തികളുടെ സ്വീകാര്യത വിലയിരുത്തുക എന്നതാണ് എല്ലായ്‌പ്പോഴും കനാഡിയൻ ബോർഡർ സർവീസ് ഏജൻസിയുടെ(സിബിഎസ്എ) നയം. ഇത് മാറിയിട്ടില്ല," സിബിഎസ്എ വക്താവ് വ്യക്തമാക്കി.
ഒപ്പം രാജ്യത്ത് അംഗീകരിക്കപ്പെടുന്ന വിസയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ പ്രകാരം, 2024 ജനുവരി, ഫെബ്രുവരി, മെയ്, ജൂൺ മാസങ്ങളിൽ, അംഗീകരിച്ചതിനേക്കാൾ കൂടുതൽ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ട്. അംഗീകൃത പഠന, വർക്ക് പെർമിറ്റുകളുടെ എണ്ണവും കഴിഞ്ഞ വർഷങ്ങളിലെ നിരക്കിൽ നിന്ന് കുറഞ്ഞു.
നിയന്ത്രണാതീതമായ ഒരു സംവിധാനമാണ് കനേഡിയൻമാർ ആഗ്രഹിക്കുന്നതെന്ന് കനേഡിയിൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറയുന്നു. ഇമിഗ്രേഷൻ നയങ്ങളും നടപടിക്രമങ്ങളും ന്യായവും വിവേചനരഹിതവുമായി ഉപയോഗിക്കാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് പ്രതിജ്ഞാബദ്ധരാണെന്നാണ് മാർക്ക് മില്ലറിൻ്റെ വക്താവ് ചൂണ്ടികാട്ടി. എന്നാൽ ജനുവരിയിൽ പ്രഖ്യാപിച്ച പരിധിയാണ് പഠന-പെർമിറ്റ് അംഗീകാരങ്ങളിൽ ഇടിവിന് കാരണമായതെന്നും വക്താവ് വ്യക്തമാക്കി.
അതേസമയം കാനഡയിലെ പുതിയ കുടിയേറ്റ നയം നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരടക്കം 70,000ത്തോളം വരുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്ത് നിന്ന് പുറത്തു പോവേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥിര താമസത്തിനുമുള്ള പെര്‍മിറ്റ് 25 ശതമാനമാക്കി വെട്ടിക്കുറച്ചതും വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതുമാണ് വിദേശ വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ കാരണമായിരിക്കുന്നത്.
വിദേശികളായ താത്കാലിക താമസക്കാരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ക്രമാതീതമായി ഉയര്‍ന്നതും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ചതുമാണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ 6.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റ നയത്തിലെ മാറ്റത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കം കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.