
ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട് 2018ൽ നടപ്പാക്കിയ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആർസിസി) പദ്ധതിയുടെ ഭാഗമായിരുന്നു വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (എസ്‌ഡിഎസ്) വിസ പ്രോഗ്രാം. എന്നാൽ, നവംബർ 9ന് കാനഡയിൽ ഈ നിയമം അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. താമസം, വിഭവശേഷി തുടങ്ങിയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് കാനഡയുടെ വിശദീകരണം. ഈ തീരുമാനം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നും കാനഡ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരത്തിലൊരു പ്രഖ്യാപനം കാനഡ നടത്തിയതോടെ ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്നങ്ങൾ കൂടിയാണ് അവതാളത്തിലായിരിക്കുന്നത്. ഉയർന്ന അംഗീകാരമുള്ളതും വേഗത്തിൽ പ്രോസസിങ് പൂർത്തിയാക്കാനും സാധിക്കുന്ന പദ്ധതി നിർത്തലാക്കുന്നതോടെ, ഇന്ത്യയിൽ നിന്നും മറ്റു 13 രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കി.
ആൻ്റിഗ്വ ആൻഡ് ബർബൂഡാ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മോറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പൈൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രഡെയ്ൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നീ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ കാനഡയിലേക്ക് എത്തിക്കുന്നതിലാണ് കാനഡ, സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീമിലൂടെ ലക്ഷ്യം വെച്ചത്. നവംബർ എട്ടിന് രാത്രി രണ്ട് മണിക്ക് മുൻപായി ലഭിക്കുന്ന ആപ്ലിക്കേഷനുകൾ മാത്രമെ ഇതുവഴി സ്വീകരിക്കുകയുള്ളൂവെന്നും, അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിലൂടെയായിരിക്കും സ്വീകരിക്കുകയെന്നും കാനഡ അറിയിക്കുകയായിരുന്നു. രാജ്യത്തേക്ക് അനുവദനീയമായ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാനഡയുടെ ഈ നടപടി.