
ഇന്ത്യ-കാനഡ പോര് മുറുകുന്നതോടെ വെട്ടിലാവുന്നത് കാനഡ ജീവിതം സ്വപ്നം കണ്ട ആയിരകണക്കിന് ഉദ്യോഗാർഥികളും വിദ്യാർഥികളുമാണ്. പഠനത്തിനും ജോലിക്കുമായി കാനഡ ലക്ഷ്യം വെച്ചിരുന്ന ഇന്ത്യൻ യുവത അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. രാജ്യത്തേക്കെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കനത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് കാനഡ.
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾക്ക് പുറമെ, കൂടുതൽ പ്രവാസികൾ രാജ്യത്തേക്കെത്തുന്നതിൽ കനേഡിയൻ പൗരൻമാർക്കും അതൃപ്തിയുണ്ട്. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ ഉൾപ്പെടെ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കാനഡ ലക്ഷ്യം വെച്ചവർ നിരവധിയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രഖ്യാപനം. കുടിയേറ്റക്കാരുടെ പേരിൽ തന്നെ പ്രശസ്തമായ ഈ രാജ്യത്തിൻ്റെ പുതിയ തീരുമാനം കാനഡയുടെ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നതിൽ സംശയമില്ല.
2023-24 കാലഘട്ടത്തിൽ കാനഡയിലെ ജനസംഖ്യയിൽ 3.2 ശതമാനം ഉയർച്ചയുണ്ടായി. 1957 ന് ശേഷം അടയാളപ്പെടുത്തിയ ഏറ്റവും വലിയ വാർഷിക വർദ്ധനവാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക് ഏജൻസിയുടെ കണക്ക് പ്രകാരം കാനഡയിലെ നിലവിലെ ജനസംഖ്യ 41 മില്ല്യണാണ്. പ്രവാസികളുടെ എണ്ണത്തിലെ വർധനവ് തന്നെയാണ് ഈ ഉയർച്ചക്ക് കാരണമെന്നും ഏജൻസി പറയുന്നു.
2025ലും 2026ലും അഞ്ച് ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് (പെർമനെൻ്റ് ഇമിഗ്രൻ്റ്സ്) അനുമതി നൽകാമെന്നായിരുന്നു ഇമിഗ്രേഷൻ മന്ത്രാലയം മുമ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പുതിയ കണക്ക് പ്രകാരം അടുത്ത വർഷം 395,000 പേർക്കും 2026ൽ 380,000 പേർക്കുമായിരിക്കും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുക.
"കോവിഡ് മഹാമാരി മൂലം കാനഡേയിൻ സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ പ്രവാസികൾ ഒരു പരിധി വരെ സഹായിച്ചു, എന്നാൽ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ക്രമീകരണങ്ങൾ നടത്താനുള്ള സമയമായി," നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനാകുമെന്നാണ് രാജ്യം ലക്ഷ്യമിടുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ട്രൂഡോയുടെ ലക്ഷ്യം. എല്ലാ തലത്തിലുമുള്ള സർക്കാർ സഹായവും, സാമൂഹിക സേവനങ്ങളും കൂടുതൽ ആളുകളിലേക്കെത്തിക്കാൻ കാനഡയുടെ ജനസംഖ്യ സ്ഥിരപ്പെടുത്തേണ്ടതുണ്ടെന്ന് ട്രൂഡോ പറയുന്നു. ഒരുപക്ഷേ കാനഡയിലെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ ശ്രമമായി ഇതിനെ കാണമെന്നായിരുന്നു കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറിൻ്റെ പ്രസ്താവന.
പരിഷ്കരണങ്ങൾക്ക് കാരണം ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങളോ, കുടിയേറ്റ വിരുദ്ധ വികാരമോ?
കനേഡിയൻ എൻവയോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ മാസം കുടിയേറ്റത്തോടുള്ള പൊതു മനോഭാവത്തെക്കുറിച്ച് ഒരു സർവേ നടത്തിയിരുന്നു. സർവെ ഫലം അനുസരിച്ച് കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായി, കാനഡേയിൻ പൗരൻമാരിൽ ഭൂരിപക്ഷം ആളുകളും വളരെയധികം കുടിയേറ്റമുണ്ടെന്ന് അംഗീകരിച്ചിരിക്കുകയാണ്.
രാജ്യം വളരെയധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നെന്നാണ് 58 ശതമാനം കനേഡിയൻ പൗരൻമാരുടേയും അഭിപ്രായം. 2023ലേക്കാൾ 14 ശതമാനം അധികം ആളുകളാണ് ഇത്തരത്തിൽ പ്രതികരിച്ചത്. കുടിയേറ്റം രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് രണ്ട് കാനഡക്കാരിൽ ഒരാൾ പറയുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും
കുടിയേറ്റം വർധിക്കുന്നതോടെ അവശ്യ വിഭവങ്ങളുടെ, പ്രത്യേകിച്ച് ഭവനങ്ങളുടെ കാര്യത്തിൽ കുറവുണ്ടാകുമെന്നതാണ് കനേഡിയൻ പൗരൻമാർക്കിടയിലെ പ്രധാന ആശങ്ക. കുടിയേറ്റം കുറയ്ക്കുന്നതിലൂടെ ഭവന വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നും 2027 ഓടെ കാനഡ നിർമിക്കേണ്ട വീടുകളുടെ എണ്ണം 670,000 ആയി കുറയ്ക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
എന്നാൽ 2021 ലെ അവസാന സെൻസസ് പ്രകാരം കാനഡയിലെ ജനസംഖ്യയുടെ 23 ശതമാനവും വിദേശികളാണ്. ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഏഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ളവരുമാണെന്നും സെൻസസ് സൂചിപ്പിക്കുന്നു. ഈ കുടിയേറ്റക്കാരിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി വ്യക്തമാക്കുന്നുണ്ട്. അതിനാൽ പെട്ടെന്നുണ്ടായ നിയന്ത്രണങ്ങൾ കനേഡിയൻ പൗരൻമാരുടെ ആശങ്കയിലൂന്നി മാത്രമുള്ളതാണെന്ന് ഉറപ്പിക്കാനാവില്ല.
ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. ജനസംഖ്യയുടെ 2.12% ത്തോളം വരുന്ന 8 ലക്ഷത്തിനടുത്ത് സിഖ് വംശജരാണ് ഇന്ന് കാനഡയിലുള്ളത്. 1800 കളിലേക്ക് നീളുന്ന ഈ കുടിയേറ്റ ചരിത്രം ഇന്ത്യയിലെ പഞ്ചാബ് പ്രവശ്യയില്‍ നിന്നുള്ള പലകുടുംബങ്ങള്‍ക്കും അറുത്തുമാറ്റനാകാത്ത അത്രയും വേരുപിടിച്ചതാണ്.
ഇന്ന് പഠനാവശ്യത്തിനും, ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള യുവ സമൂഹമാണ്. കാനഡയില്‍ സ്ഥിര താമസമാക്കുകയാണ് പലരുടെയും ലക്ഷ്യം. കുടുംബത്തിന്‍റെയാകെ കുടിയേറ്റം സ്വപ്നംകണ്ട്, മക്കളെ കാനഡയിലേക്ക് അയക്കുന്ന മാതാപിതാക്കളുമുണ്ട്. രാജ്യത്തിൻ്റെ പുതിയ തീരുമാനം ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെ സാരമായി ബാധിക്കും.
2022 ലെ എമിഗ്രേഷന്‍ വിവരപ്രകാരം, കാനഡയില്‍ സ്റ്റുഡന്‍റ് പെർമിറ്റ് നേടിയ 41 ശതമാനവും ഇന്ത്യന്‍ വിദ്യാർഥികളായിരുന്നു. എന്നാല്‍ സിഖ് വിഘടനവാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ തുടർന്ന് 2023 ല്‍ ഈ അപേക്ഷകളില്‍ ചെറിയ തോതിലെങ്കിലും ഇടിവുണ്ടായി. നിജ്ജാർ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രസിഡന്‍റെ ജസ്റ്റിന്‍ ട്രൂഡോയുടെ ഗുരുതര ആരോപണത്തിന് ശേഷമാണ് ഈ ഇടിവുണ്ടായത്. കാനേഡിയൻ നയമാറ്റത്തിനൊപ്പം നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം പിന്‍വലിച്ചുകൊണ്ട് ഇരുരാജ്യങ്ങളും പോര് മുറുക്കുമ്പോള്‍ സമീപഭാവിയില്‍ ഈ ഇടിവ് വർദ്ധിക്കാനേ ഇടയുള്ളൂ എന്നാണ് എമിഗ്രേഷന്‍ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
പ്രതിവർഷം 160 കോടിക്കടുത്ത് കനേഡിയന്‍ യൂണിവേഴ്സിറ്റികളിലേക്ക് ട്യൂഷന്‍ ഇനത്തില്‍ എത്തിച്ചിരുന്ന ഇന്ത്യന്‍ വിദ്യാർഥികളുടെ പിന്മാറ്റം കാനഡയ്ക്കും നഷ്ടക്കച്ചവടമാണ്. അതേസമയം, നിലവിലെ പ്രതിസന്ധി ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. മാർച്ച് 31 വരെയുള്ള ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 840 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.