ഇന്ത്യ സൈബർ ഭീഷണിയുയർത്തുന്നു എന്ന് ആരോപണം; കാനഡയുമായുള്ള നയതന്ത്ര തർക്കം സങ്കീർണമാകുന്നു

ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ താല്‍ക്കാലിക തൊഴിലാളികളും അന്തർദ്ദേശീയ വിദ്യാർഥികളും ആശ്രയിക്കുന്ന രാജ്യമാണ് കാനഡ
ഇന്ത്യ സൈബർ ഭീഷണിയുയർത്തുന്നു എന്ന് ആരോപണം; കാനഡയുമായുള്ള നയതന്ത്ര തർക്കം സങ്കീർണമാകുന്നു
Published on

കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതു മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം കൂടുതല്‍ സങ്കീർണമാകുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം സൈബർ യുദ്ധമായി മാറാമെന്നാണ് പുതിയ പ്രവചനം. നയതന്ത്ര തർക്കങ്ങള്‍ കുടിയേറ്റത്തേയും ബാധിച്ചേക്കും. എന്നാല്‍, വ്യാപാരബന്ധങ്ങളില്‍ തർക്കത്തിന്‍റെ സ്വാധീനമുണ്ടാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഗൂഢാലോചനയുടെ സൂത്രധാരനെന്ന് കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പാർലമെൻ്ററി ദേശീയ സുരക്ഷാ സമിതിയോട് പറഞ്ഞതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുമോ എന്ന ആശങ്കയുണർന്നത്.
ചാരപ്രവർത്തനങ്ങൾക്കായി കനേഡിയൻ നെറ്റ്‌വർക്കുകൾക്കെതിരെ ഇന്ത്യ ഇതിനോടകം സൈബർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് കനേഡിയൻ ഏജൻസികൾ ആരോപിക്കുന്നത്. ഇത്തരം സൈബർ ഭീഷണി നടപടികളിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്. ഉയർന്നു വരുന്ന ഒരു ഭീഷണിയാണ് ഇന്ത്യയെന്നാണ് കാനഡ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെൻ്റ് ഏജൻസി മേധാവിയായ കരോലിൻ സേവ്യർ വിശേഷിപ്പിച്ചത്.

നിജ്ജാർ കേസിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതുവരെ കാനഡ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ സാധ്യതയില്ലെന്ന് കാനഡയിലെ ഏഷ്യാ പസഫിക് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് വിന നദ്‌ജിബുള്ള പറഞ്ഞു. കാബിനറ്റ് മന്ത്രിമാർ ദേശീയ സുരക്ഷാ സമിതിക്ക് മുമ്പാകെ മൊഴി നൽകാനുണ്ടെന്നും നാല് പേരുടെ കൊലപാതക വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വിദേശകാര്യ മന്ത്രി മെലാനി ജോളിയും വിഷയത്തില്‍ പ്രതികരിച്ചില്ല.

Also Read: "ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ അമിത് ഷാ"; ആരോപണവുമായി കാനഡ

നിജ്ജാർ കൊലപാതകത്തിലെ ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കമ്മീഷണർ അടക്കം ആറ് നയതന്ത്രജ്ഞരെ ഈ മാസം ആദ്യം കാനഡ പുറത്താക്കി. മറുപടിയായി ഇന്ത്യയുടെ കാനഡയുടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ഇപ്പോള്‍ ആഭ്യന്തര മന്ത്രി തന്നെ പ്രതിസ്ഥാനത്ത് ആയതോടെ കാനഡയുടെ ആരോപണങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ താല്‍ക്കാലിക തൊഴിലാളികളും അന്തർദ്ദേശീയ വിദ്യാർഥികളും ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. എന്നാല്‍, ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് ശേഷം ഇതിന്‍റെ തോത് കുറഞ്ഞു. ഇന്ത്യയിൽ ഇപ്പോള്‍ അവശേഷിക്കുന്നത് നാല് കനേഡിയന്‍ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മാത്രമാണ്. ഇത് കാനഡയിലേക്കുള്ള വിസ ഓൺ-സൈറ്റ് പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അതേസമയം, ഇന്ത്യ കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ്. ഇപ്പോള്‍ ഉടലെടുത്ത നയതന്ത്ര പ്രശ്നങ്ങള്‍ വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. 

Also Read: വിശുദ്ധരും പ്രേതങ്ങളും ഒന്നു ചേരുന്ന ആഘോഷവേളകൾ; പാശ്ചാത്യലോകം കൊണ്ടാടുന്ന ഹാലോവീൻ ഉത്സവക്കാലം

2023 ജൂൺ 18നാണ് സർറേയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനും ഖലിസ്ഥാന്‍ വാദിയുമായ നിജ്ജാർ വെടിയേറ്റു മരിച്ചത്. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com