"ആ പഴയ ബന്ധം അവസാനിച്ചിരിക്കുന്നു"; ട്രംപിനെ വിമർശിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വിജയ പ്രസംഗം

കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചതിനു പിന്നാലെ നടത്തിയ പ്രസം​ഗത്തിലാണ് കാർണി തന്റെ നിലപാട് വ്യക്തമാക്കിയത്
"ആ പഴയ ബന്ധം അവസാനിച്ചിരിക്കുന്നു"; ട്രംപിനെ വിമർശിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വിജയ പ്രസംഗം
Published on

വിജയ പ്രസം​ഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയും യുഎസും തമ്മിലുള്ള സംയോജനത്തിന്റെ യുഗം അവസാനിച്ചതായി കാർണി അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആർപ്പുവിളികളോടെയാണ് ജനങ്ങൾ സ്വാ​ഗതം ചെയ്തത്. കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചതിനു പിന്നാലെ നടത്തിയ പ്രസം​ഗത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ നിലപാട് വ്യക്തമാക്കിയത്.



"കാനഡയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്ന യുഎസുമായുള്ള നമ്മുടെ ആ പഴയ ബന്ധം അവസാനിച്ചിരിക്കുന്നു," മാർക്ക് കാർണി പറഞ്ഞു. കാനഡയ്ക്ക് മുന്നിൽ മറ്റ് നിരവധി സാധ്യതകൾ ഉണ്ടെന്നും അത് പരിശോധിക്കുമെന്നും കാർണി വ്യക്തമാക്കി. യുഎസിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനം ആക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വെല്ലുവിളിയായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഉടനടി തെരഞ്ഞെടുപ്പ് നടത്തിയത്. കാനഡയുടെ പരമാധികാരത്തെ ആവർത്തിച്ച് അവഗണിച്ച ട്രംപ് പ്രധാനമന്ത്രിയെ "ഗവർണർ" എന്ന് പലതവണ അഭിസംബോധനയും ചെയ്തിരുന്നു. താരിഫ് യുദ്ധം കൂടി യുഎസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ഏറ്റുമുട്ടുമെന്നും വോട്ടർമാർക്ക് ഉറപ്പുനൽകിയാണ് മാർക്ക് കാർണി അധികാര തുടർച്ച നേടിയത്. കഴിഞ്ഞ മാസമാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം മാർക് കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

343 അംഗ പാർലമെന്റിൽ 168 സീറ്റുകളിൽ വിജയിച്ചാണ് ലിബറലുകൾ അധികാര തുടർച്ച നേടിയത്. തുടർച്ചയായി മൂന്നാം വട്ടമാണ് ലിബറൽ പാർട്ടി കാനഡയിൽ അധികാരത്തിലെത്തിയത്. 144 സീറ്റുകളിൽ വിജയിച്ച കൺസർവേറ്റീവ് പാർട്ടി രണ്ടാമതാണ്. ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് 172 സീറ്റുകളാണ് വേണ്ടിയിരുന്നത്. യെവ്സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് ക്യൂബെക്കോയിസും 23 സീറ്റുകളിൽ ജയിച്ചു. ജഗ്മീത് സിങ്ങിന്റെ എൻഡിപി ഏഴ് സീറ്റുകളാണ് നേടിയത്.  ഗ്രീൻ പാർട്ടി ഒരു സീറ്റും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com