
പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ രോഗം ഭേദമാകുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗംഗ്വാർ. പശുക്കളെ തലോടുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നൗഗാവ പക്കാഡിയയിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിച്ച കൻഹ ഗോശാല ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സഞ്ജയ് സിംഗ് ഗംഗ്വാറിൻ്റെ പ്രസ്താവന.
"രക്തസമ്മർദ്ദമുള്ള ആളുകളുണ്ടെങ്കിൽ അവർക്കായി ഇവിടെ പശുക്കളുണ്ട്. എന്നും രാവിലെയും വൈകീട്ടും പശുക്കളെ തലോടുകയും, പരിപാലിക്കുകയും ചെയ്യുക. നിങ്ങൾ 20 മില്ലിയുടെ മരുന്നാണ് കഴിക്കുന്നതെങ്കിൽ, പത്ത് ദിവസത്തിനകം അത് 10 മില്ലിയാക്കി കുറയ്ക്കാം. ഒരു ക്യാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അവിടെ കിടക്കുകയും ചെയ്യുകയാണെങ്കിൽ, കാൻസർ ഭേദപ്പെടും. ചാണകം കത്തിക്കുകയാണെങ്കിൽ കൊതുകിൽ നിന്നും ആശ്വാസം നേടാം. പശുവിൻ്റെ എല്ലാം എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപകാരപ്പെടും," സഞ്ജയ് സിംഗ് ഗംഗ്വാർ പറഞ്ഞു.
പുതിയതായി ഉദ്ഘാടനം ചെയ്ത കൻഹ ഗോശാലയിൽ കാലിത്തീറ്റ, മരുന്നുകൾ, അലഞ്ഞുതിരിയുന്ന പശുക്കൾക്കുള്ള തൊഴുത്ത് തുടങ്ങിയവ ലഭ്യമാണ്. ആളുകളോട് ഗോശാലയുമായി ബന്ധം പുലർത്താനും, വിവാഹവും പിറന്നാളും വിവാഹവാർഷികവും അടക്കമുള്ള പ്രത്യേക ദിവസങ്ങളിൽ ഗോശാലയിലേക്ക് കാലിത്തീറ്റ നൽകാനും സഞ്ജയ് സിംഗ് ഗംഗ്വാർ ആഹ്വാനം ചെയ്തു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയിൽ നിന്ന് മൽസരിച്ച സഞ്ജയ് സിംഗ് ഗംഗ്വാർ, പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ബിജെപി എംപി വരുൺ ഗാന്ധിക്കെതിരെ വിമർശനങ്ങളുയർത്തി സഞ്ജയ് സിംഗ് നേരത്തെയും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.