സ്ഥാനാർഥിയെ പിന്‍വലിച്ചു, യുഡിഎഫിനെ പിന്തുണച്ചു; പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്‍റെ പുതിയ കരുനീക്കങ്ങള്‍

പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അന്‍വർ വിലയിരുത്തി
സ്ഥാനാർഥിയെ പിന്‍വലിച്ചു, യുഡിഎഫിനെ പിന്തുണച്ചു; പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്‍റെ പുതിയ കരുനീക്കങ്ങള്‍
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം ദിനംപ്രതി അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് സാക്ഷിയാവുന്നത്. കോണ്‍ഗ്രസ് വിട്ട പി. സരിന്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയതിനു പിന്നാലെ ഡിഎംകെ (അന്‍വർ) പക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രചരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാർട്ടി സ്ഥാനാർഥിയെ പിന്‍വലിച്ചിരിക്കുകയാണ് അന്‍വർ. യുഡിഎഫിനായിരിക്കും പിന്തുണ എന്നും അന്‍വർ അറിയിച്ചു. വി.ഡി.സതീശൻ അപമാനിച്ചാലും ബിജെപിയെ തോൽപ്പിക്കുകയാണ് പ്രധാനമെന്ന് പി.വി.അൻവർ പറഞ്ഞു. അതേസമയം, ചേലക്കരയിൽ ഡിഎംകെ(അന്‍വർ) സ്ഥാനാർഥി എൻ.കെ.സുധീർ മത്സര രംഗത്ത് തുടരുമെന്നും പി.വി. അന്‍വർ വ്യക്തമാക്കി. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം.  ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജ് മെദാര്‍ ആയിരുന്ന പാലക്കാട് ഡിഎംകെ സ്ഥാനാർഥി.

ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാണ് അന്‍വർ പാലക്കാട് ഡിഎംകെ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചത്. കേരള സർക്കാരിനെ പതിവു പോലെ നിലമ്പൂർ എംഎല്‍എ കടന്നാക്രമിച്ചു. കേരള ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന ആക്ഷേപവും അന്‍വർ ഉയർത്തി. കോണ്‍ഗ്രസിനോട് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഐക്യമുന്നണിയിലെ മുസ്ലീം ലീഗ് വരെ ആവശ്യപ്പെട്ടിരുന്നതായി അന്‍വർ പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസ്സിൻ്റെയും കടന്നു വരവ് ഇല്ലാതാക്കണം എന്ന് യുഡിഎഫുമായി ചർച്ച ചെയ്തിട്ടുണ്ട്. താന്‍ മുന്നോട്ട് വെച്ച ഒരു ഡിമാന്‍റുകളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അന്‍വർ കൂട്ടിച്ചേർത്തു. വയനാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പാർട്ടി കൊടി ഉപേക്ഷിച്ചതാണ്. അത്തരം വിട്ടു വീഴ്ച ചെയ്യാൻ കോൺഗ്രസ് പാലക്കാട് തയ്യാറാകുന്നില്ല. എന്നാല്‍ പാലക്കാട് ബിജെപിയെ പരാജയപ്പെടുത്താനായി യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന നിലപാടും അന്‍വർ അണികളെ അറിയിച്ചു. ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയാണെന്ന് എടുത്തു പറയുമ്പോഴും അന്‍വറിന്‍റെ വിമർശനങ്ങള്‍ എല്ലാം തന്നെ സർക്കാരിനെ ലക്ഷ്യമാക്കിയാണെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആക്ഷേപങ്ങളെല്ലാം മറക്കുന്നുവെന്നു പറഞ്ഞ് യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.

Also Read: രാഹുലിനൊപ്പം വയനാടിന്റെ പ്രിയം തേടി പ്രിയങ്ക; ജനസാഗരമായി കല്‍പ്പറ്റ

പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അന്‍വർ കണ്‍വന്‍ഷനില്‍ വിലയിരുത്തി. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ നടത്തിയ ഡിഎംകെ സർവേ പ്രകാരമായിരുന്നു അന്‍വറിന്‍റെ വിലയിരുത്തല്‍. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ അനുകൂലിക്കുന്നവരാണ് പല മുസ്ലീം കുടുംബങ്ങളും. കോൺഗ്രസിൻ്റെ അവസ്ഥ പാലക്കാട് സ്പോടനാത്മകമാണ്. സരിൻ്റെ കൂടെയുള്ളവരുടെ വോട്ട് ബിജെപിക്ക് പോകും എന്നാണ് തങ്ങളുടെ സർവ്വ കണ്ടെത്തലെന്നും അന്‍വർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണെന്നും അന്‍വർ കണ്‍വന്‍ഷനില്‍ പറഞ്ഞു.

എന്നാല്‍ അന്‍വറിന്‍റെ നിരീക്ഷണങ്ങള്‍ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. തനിക്ക് 50 ശതമാനം നേതാക്കളുടെ പിന്തുണയേ ഉള്ളു എന്നത് അവാസ്തവമാണെന്നും കോൺഗ്രസ് ഒറ്റക്കെട്ടെന്നും മറിച്ചുള്ള കണ്ടെത്തൽ തെറ്റാണെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരെ ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ ഗൂഡാലോചന നടത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്നത് രാഷ്ട്രീയ ഗൂഡാലോചനയാണ്. പാലക്കാട് നിന്ന് അകറ്റി നിർത്താനാണ് സർക്കാർ നീക്കം. ഇത്തരം നീക്കങ്ങൾ ഇടത് പക്ഷത്തിന് ഗുണം ചെയ്യുമെന്ന് കരുതേണ്ടതില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അന്‍വറിന്‍റെ പിന്തുണയില്‍ പ്രതികരിച്ച യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിനിറങ്ങുന്ന കാര്യം അൻവർ തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com