
കോഴിക്കോട് മുക്കം വലിയപറമ്പിലുണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീൻ ആണ് മരിച്ചത്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത് . റോഡിന്റെ മറുവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം എടുക്കാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ താജുദീനെ ഇടിച്ചിടുകയായിരുന്നു. ഈ കാറിന് പിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ താജുദീന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകട ശേഷം ഈ രണ്ട് കാറുകളും നിർത്താതെ പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
താജുദീനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.