'ഷെജില്‍ ഒരു ക്രിമിനല്‍, ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല'; വടകരയില്‍ വാഹനമിടിച്ച് കോമയിലായ ഒന്‍പത് വയസുകാരിയുടെ അമ്മ

ഷെജിലിനെ വെറുതെവിട്ടാല്‍ വേറെ ആരോടെങ്കിലും ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടോ? മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സമയത്തെങ്കിലും മകള്‍ക്ക് സുഖമാണോ എന്ന് അന്വേഷിക്കാമായിരുന്നു.
'ഷെജില്‍ ഒരു ക്രിമിനല്‍, ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല'; വടകരയില്‍ വാഹനമിടിച്ച് കോമയിലായ ഒന്‍പത് വയസുകാരിയുടെ അമ്മ
Published on


വടകരയില്‍ ഒൻപത് വയസ്സുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ കേസിൽ പ്രതി ഷെജിലിനെ പിടികൂടിയതിന് പിന്നാലെ പ്രതികരണവുമായി അമ്മ സ്മിത. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണം. ഷെജില്‍ ക്രിമിനല്‍ ആണെന്നും അമ്മ പ്രതികരിച്ചു. ഷെജിലിനെ വെറുതെവിട്ടാല്‍ വേറെ ആരോടെങ്കിലും ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടോ? മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സമയത്തെങ്കിലും മകള്‍ക്ക് സുഖമാണോ എന്ന് അന്വേഷിക്കാമായിരുന്നു. അങ്ങനെ അന്വേഷിച്ചിരുന്നെങ്കില്‍ മാപ്പ് കൊടുക്കുമായിരുന്നുവെന്നും ദൃഷാനയുടെ അമ്മ പറഞ്ഞു.

ഒരു ക്രിമിനലിന്റെ ബുദ്ധിയാണ് ഷെജില്‍ കാണിച്ചത്. ഒരിക്കലും അയാളോട് ക്ഷമിക്കാന്‍ പറ്റില്ലെന്നും സ്മിത പറഞ്ഞു. അതേസമയം മകളുടെ ചികിത്സക്കായി സാമ്പത്തികമായി സഹായം ആവശ്യമുണ്ട്. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ സഹായം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്നും യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ഇതുവരെ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ബാംഗ്ലൂരില്‍ ഉള്‍പ്പെടെ എത്തിച്ച് തുടര്‍ ചികിത്സ ആവശ്യമുണ്ട്. മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. അതിന് സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നുവെന്നും സ്മിത പറഞ്ഞു.

പ്രതി ഷെജിലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് ഇന്ന് തന്നെ പ്രതിയെ കൈമാറും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തിയത്. തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബിയാണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മകളുടെ മകള്‍ ദൃഷാന അപകട ശേഷം കോമയിലാകുകയായിരുന്നു.

പ്രതി അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകട കാരണം. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചാണ് അപകടം നടന്നത്. രാത്രി ഒന്‍പത് മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബേബിയേയും ദൃഷാനയെയും കാര്‍ ഇടിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com