
ഇടുക്കി തൊടുപുഴ നരകുഴിയിൽ കാർ കത്തി ഒരാൾ മരിച്ചു. പെരുമാങ്കണ്ടം നരക്കുഴി സ്വദേശി സിബിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കുമാരമംഗലം പഞ്ചായത്തിലെ തൊടുപുഴ-അടിമാലി റോഡിലെ നരകുഴിയിലാണ് കാർ കത്തിയത്. സ്വകാര്യ റബ്ബർ തോട്ടത്തിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. പ്രദേശവാസിയായ സിബിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ, അറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സിബിയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പെരുമാങ്കണ്ടത്തെ പമ്പിൽ നിന്ന് സിബി പെട്രോൾ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മരിച്ച സിബി കുമാരമംഗലം സഹകരണ ബാങ്കിലെ ജീവനക്കാരനും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മാനസിക സമ്മർദത്തിന് സിബി മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്.