
കാർബൺ ന്യൂട്രൽ അനന്തപുരിയുടെയും സ്മാർട്ട്സിറ്റിയുടെയും ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കി തിരുവനന്തപുരം നഗരസഭ. അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് കുറയ്ക്കുന്നതിനും വായുവിലെ കാർബണിൻ്റെ അളവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇ-ഓട്ടോ സംവിധാനം വന്നിരിക്കുന്നത്.
നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം നഗരസഭ ഇ-ഓട്ടോറിക്ഷകൾ അവതരിപ്പിച്ചിരിക്കുന്നത്. 'കാർബൺ ന്യൂട്രൽ അനന്തപുരി' എന്ന നയത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്‍മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നത്. 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ-ഓട്ടോകൾ സൗജന്യമായി നൽകും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നേരത്തെ നിർവഹിച്ചിരുന്നു. ഇപ്പോൾ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്കു എത്തിയിരിക്കുകയാണ് നഗരസഭ.
ടൈംസിൻ്റെ 2024 ലെ ഊർജ്ജകാര്യക്ഷമത അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് കാർബൺ ന്യൂട്രൽ അനന്തപുരിയിലൂടെ തിരുവനന്തപുരം നഗരസഭ നേടിയത്. നേരത്തെ തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി ഗണേഷ് കുമാറിൻ്റെ വാദം നിരസിച്ച് നഗരസഭ തന്നെ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ നഗരസഭയുടെ നിലപാട് കൂടുതൽ വ്യക്തമാക്കുകയാണ് ഇപ്പോഴെത്തിയിരിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾ.