
കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു. കാത്ത് ലാബിലെ മെഷീൻ തകരാറിനെ തുടർന്ന് രോഗികളെ ഡിസ്ചാർജ് ചെയ്തു.നവീകരണത്തിൻ്റെ പേരിൽ ബൈപ്പാസ് സർജ്ജറിക്കുള്ള രണ്ട് തിയേറ്ററുകളും അടച്ചിട്ടിട്ട് 6 മാസമായി.ആൻജിയോ ഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങി ഹൃദയസംബന്ധമായ എല്ലാ ശസ്ത്രക്രിയകൾക്കും ആശ്രയമായ പരിയാരം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ കാത്ത് ലാബിലെ മൂന്ന് മെഷീനുകളും തകരാറിലയതോടെയാണ് രോഗികളെ ഡിസ്ചാർജ് ചെയ്ത് പറഞ്ഞയയ്ക്കുന്നത്.
മെഷീൻ തകരാർ പരിഹരിച്ച ശേഷം മറ്റൊരു ദിവസം ചികിത്സയ്ക്കായി വരാനാണ് ഡോക്ടർമാർ രോഗികളോട് പറയുന്നത്.ഒരാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ ചെയ്യണം എന്ന് ഡോക്ടർ നിർദേശിച്ച പ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗി,ചികിത്സാ ചിലവ് താങ്ങാനാവാതെ മെഡിക്കൽ കോളേജിലേക്ക് ശസ്ത്രക്രിയക്കായി എത്തിയിരുന്നു. ഈ രോഗിയെ ഉൾപ്പെടെയാണ് ഒരാഴ്ച്ചക്ക് ശേഷം ശസ്ത്രക്രിയ ചെയ്യാം എന്ന് അറിയിച്ച് തിരിച്ചയച്ചത്. കാരുണ്യ പദ്ധതിയിലൂടെ ഇവിടെ ലഭിക്കുന്ന ചികിത്സയാണ് പാവപ്പെട്ട രോഗികൾക്ക് ഏക ആശ്രയം. ഇതാണ് മെഷീൻ തകരാറിൻ്റെ പേരിൽ നിഷേധിക്കുന്നത്.
രണ്ട് മെഷീനുകൾ നേരത്തെ തകരാറിലായിരുന്നു. കാത്ത് ലാബിനകത്ത് എ സി പോലും പ്രവർത്തിക്കാത്ത അവസ്ഥയാണെന്ന് ഡോക്ടർമാർ തന്നെ രോഗികളോട് പറയുന്നുണ്ട്. സാധാരണക്കാരുടെ ആശ്രയമായ ഈ ഹൃദയാലയത്തിൻ്റെ സ്പന്ദനം ഇല്ലാതാക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.