
പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ധ്രുവ് റാത്തിയുടെ പാരഡി എക്‌സ് അക്കൗണ്ടില്‍ നിന്നും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളുടെ പേരില്‍ വ്യാജ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കേസ്. വ്യാജനൊപ്പം യഥാര്‍ഥ ധ്രുവിന്‍റെ പേരിലും കേസെടുക്കുകയായിരുന്നു.
സംസ്ഥാന സൈബര്‍ പൊലീസ് പറയുന്ന പ്രകാരം, @dhruvrahtee എന്ന അക്കൗണ്ടില്‍ നിന്നും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ പരീക്ഷ എഴുതാതെ ബിര്‍ളയുടെ മകള്‍ പാസായിയെന്ന് ആരോപിച്ചുകൊണ്ട് പോസ്റ്റ് വരികയായിരുന്നു. ഒരു പാരഡി അക്കൗണ്ടാണെന്നും യഥാര്‍ഥ അക്കൗണ്ടുമായി ഒരു ബന്ധവുമില്ലെന്നും ഈ പാരഡി അക്കൗണ്ടിന്‍റെ എക്‌സ് ബയോ തന്നെ പറയുന്നുണ്ട്.
ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ മാനഹാനി, സമാധാനം നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മനഃപൂര്‍വമായ അധിക്ഷേപം, പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന, അതുപോലെ തന്നെ ഐ.ടി ആക്ട് എന്നിവ മുന്‍നിര്‍ത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തരം വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് പാരഡി അക്കൗണ്ടല്ലേയെന്ന ചോദ്യങ്ങള്‍ക്ക് 'ഞങ്ങള്‍ വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന' മറുപടിയാണ് പൊലീസ് നല്‍കുന്നത്.
മഹാരാഷ്ട്ര സൈബര്‍ പൊലീസിന്‍റെ നിര്‍ദേശ പ്രകാരം തന്‍റെ എക്‌സ് അക്കൗണ്ടില്‍ നിന്നും അഞ്ജലി ബിര്‍ളയെ സംബന്ധിക്കുന്ന എല്ലാ പോസ്റ്റുകളും കമന്‍റുകളും നീക്കം ചെയ്തിട്ടുണ്ടെന്നാണ് പാരഡി അക്കൗണ്ടില്‍ ശനിയാഴ്ച വന്ന പോസ്റ്റ്. തനിക്ക് വസ്തുതകളെപ്പറ്റി ധാരണയില്ലെന്നും മറ്റൊരാളില്‍ നിന്നും പകര്‍ത്തുകയായിരുന്നെന്നും അതിനാല്‍ മാപ്പു ചോദിക്കുന്നെന്നും പോസ്റ്റിലുണ്ട്.