
സാമ്പത്തിക തട്ടിപ്പ് കേസിൽ സഹോദരിമാരായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. സീനിയർ സി പി ഒ മാരായ സംഗീത, സുനിത എന്നിവർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. പൊലീസുകാർക്ക് വേണ്ടി പരാതിക്കാരനെ ഗുണ്ടുകാട് സാബു എന്ന ഗുണ്ട ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടി സംഗീതയും സുനിതയും പണം വാങ്ങിയെന്നും തിരികെ നൽകിയില്ലെന്നുമാണ് പരാതി. കാട്ടായിക്കോണം സ്വദേശിനി ആതിരയുടെ പരാതിയിലാണ് വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ സീനിയർ സിപിഒ സംഗീത, സഹോദരിയും തൃശ്ശൂർ വനിതാ സെല്ലിലെ ഉദ്യോഗസ്ഥയുമായ സുനിത എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തത്.
അതിനിടെ പണം തിരികെ ചോദിച്ചതോടെ പൊലീസുകാർക്ക് വേണ്ടി പരാതിക്കാരിയെ ഗുണ്ടുകാട് സാബു എന്ന ഗുണ്ട ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നു. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെൻ്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. ഗുണ്ടുകാട് സാബുവാണ് കേസിലെ ഒന്നാംപ്രതി. സുനിതയുടെ ഭർത്താവ് ജിപ്സൺരാജ് ശ്രീകാര്യം സ്വദേശി ആദർശ് എന്നിവരും കേസിലെ പ്രതികളാണ്. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവിൽ നിന്ന് 19 ലക്ഷമാണ് സംഗീത കൈപ്പറ്റിയത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്സൺരാജുമായിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.